കണക്കുകള്‍ മറച്ചുവെക്കുന്ന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്കുന്നത്: ശശി തരൂര്‍ എം പി

Posted on: March 10, 2020

കൊച്ചി: സമകാലിക ഇന്ത്യനവസ്ഥയില്‍ ഭരണാധികാരികള്‍ എല്ലാ കാര്യങ്ങളും പൂഴ്ത്തിവെക്കുകയാണെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് കേരളയും അലുംനി സൊസൈറ്റി ഓഫ ് എ ഒ ടിഎസ് കേരളയും സംയുക്തമായി നിപ്പോണ്‍ കേരള സെന്ററില്‍ ഇന്ത്യയുടെ സാമൂഹ്യ- സാമ്പത്തികാവസ്ഥകളുടെ അനാവരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള കണക്കുകളൊന്നും സര്‍ക്കാര്‍ ജനങ്ങളോട് പറയുന്നില്ല. വളരെ ഭീതിതമായ അവസ്ഥയിലൂടെയാണ് നാടും ജനങ്ങളും മുന്നോട്ടു പോകുന്നതെന്നും ്അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഉള്‍പ്പെടെ ഭരണാധികാരികള്‍ മറച്ചുവെക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. നിര്‍മാണവും വ്യവസായവും ഉള്‍പ്പെടെ എല്ലാ മേഖലകളും തകര്‍ന്നടിയുകയാണ്. സാമ്പത്തിക മേഖല തകരുന്നതോടൊപ്പം സാംസ്‌ക്കാരിക മേഖലകളെ അധികാരികള്‍ തകര്‍ക്കുകയും ചെയ്യുന്നു.

രാജ്യത്തെ കര്‍ഷകരുടെ ആത്മഹത്യ പ്രതിദിനം വര്‍ധിപ്പിക്കുമ്പോഴും സര്‍ക്കാര്‍ അവര്‍ക്കായി യാതൊരു കാര്യങ്ങളും നിര്‍വഹിക്കുന്നില്ല. തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരുടെ കഥകളാണ് പത്രങ്ങളില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ആവശ്യമുള്ള മഹാരാഷ്ട്രയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ജോലിക്ക് അപേക്ഷിച്ചവരില്‍ വലിയ ശതമാനം പി എച്ചി ഡിക്കാരും ബിരുദാനന്തര ബിരുദക്കാരും ബിരുദധാരികളുമാണെന്നാണ് കഴിഞ്ഞ ദിവസം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ജോലിയാരംഭിക്കുന്ന പ്രായത്തിലുള്ള 20നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ 37 ശതമാനത്തിനും ജോലിയില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം പ്രായവിഭാഗത്തിലെ മൂന്നിലൊന്നിനാണ് തൊഴിലില്ലാത്തത്. ഈ കണക്കില്‍ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമൊക്കെ ഉള്‍പ്പെടുമ്പോള്‍ ഇതേ പ്രായവിഭാഗത്തിലെ ബിരുദധാരികളില്‍ 60 ശതമാനത്തിനും തൊഴിലില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായും ശശി തരൂര്‍ എം പി പറഞ്ഞു.

ലോകത്തിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യാനുപാതിക തൊഴില്‍ പ്രായം ഏറ്റവും കുറവുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ നമ്മുടെ രാജ്യത്തിനും ഭരണാധികാരികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. പല രാജ്യങ്ങളിലും മുപ്പതിന് മുകളില്‍ ജനസംഖ്യാനുപാതിക തൊഴില്‍ പ്രായമുണ്ടാകുമ്പോള്‍ ഇന്ത്യയിലത് കേവലം 29 മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനവും ജി എസ് ടിയും ഇന്ത്യന്‍ സാമ്പത്തികാവസ്ഥകളെ തകര്‍ക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. മോശം ആശയം നന്നായി നടപ്പാക്കിയതാണ് നോട്ട് നിരോധനമെങ്കില്‍ നല്ല ആശയം മോശമായി നടപ്പാക്കിയതാണ് ജി എസ് ടിയുടെ പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിന്റെ ആദ്യ ആറുമാസങ്ങള്‍ക്കകം തമിഴ്‌നാട്ടില്‍ മാത്രം അരലക്ഷത്തോളം ചെറുകിട തൊഴില്‍ കേന്ദ്രങ്ങളാണ് അടച്ചു പൂട്ടിയത്. ജി എസ് ടി നടപ്പാക്കിത്തുടങ്ങിയതോടെ പ്രധാനമന്ത്രിയുടെ ഗുജറാത്തിലെ വ്യാപാരികള്‍ ജി എസ് ടി മേധാവിയെ തൂക്കിയെടുത്ത് പ്രസ്തുത ഫോറം താങ്കള്‍ തന്നെ പൂരിപ്പിക്കൂ എന്നു പറഞ്ഞ അവസ്ഥയുമുണ്ടായി.
2024 ആകുമ്പോഴേക്കും അഞ്ച് ട്രില്ല്യന്‍ സാമ്പത്തിക രാജ്യമായി ഇന്ത്യയെ ഉയര്‍ത്തുമെന്നാണ് നരേന്ദ്ര മോദി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കണക്കുകളും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും പരിശോധിച്ചാല്‍ പോലും ഇതിന്റെ ഏഴയലത്തുപോലും എത്താനാവില്ലെന്നും ശശി തരൂര്‍ വിശദീകരിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ ഉള്‍പ്പെടെ എല്ലാകാര്യങ്ങളും മറച്ചു വെക്കുന്ന സര്‍ക്കാറിന് വാഗ്ദാനത്തിന്റെ കാര്യത്തില്‍ മാത്രം ഒരു മറച്ചുവെക്കലുമില്ലെന്നും ശശി തരൂര്‍ പരിഹസിച്ചു. ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കേരള രക്ഷാധികാരി ടി ബാലകൃഷ്ണന്‍, സെക്രട്ടറി ബേബി മാത്യു, അലുംനി സൊസൈറ്റി ഓഫ് എ ഒ ടി എസ് കേരള രക്ഷാധികാരി എഡ്ഗാര്‍ മോറിസ് എന്നിവര്‍ പ്രസംഗിച്ചു.