റീസർജന്റ് കേരള ലോൺ സ്‌കീം : കുടുംബശ്രീക്ക് 131 കോടി പലിശ സബ്‌സിഡി

Posted on: February 5, 2020

തിരുവനന്തപുരം : പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത റീസർജന്റ് കേരള ലോൺ സ്‌കീം പ്രകാരം കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കിയ വായ്പയുടെ പലിശ സബ്‌സിഡി നൽകുന്നതിന് 131 കോടി രൂപ സർക്കാർ അനുവദിച്ചു.

ഇതു പ്രകാരം കുടുംബശ്രീക്ക് നൽകിയ 131 കോടി രൂപ അയൽക്കൂട്ടങ്ങൾ എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ മിഷനുകളിലേക്കും വിതരണം ചെയ്തു. 2019-20 സാമ്പത്തിക വർഷം മാർച്ച് 31 വരെ നൽകേണ്ട പലിശ സബ്‌സിഡിയാണ് ഇപ്പോൾ നൽകിയത്. ഈ തുക അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തിൽ വായ്പയെടുത്ത അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടിലേക്ക് ഉടൻ തന്നെ ക്രെഡിറ്റ് ചെയ്യും.

സംസ്ഥാനത്ത് ആകെ 28212 അയൽക്കൂട്ടങ്ങളിലായി 1,95,514 പേർക്ക് 1680 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിന് കുടുംബശ്രീക്ക് സാധിച്ചു. ബാങ്കുകൾ ഒമ്പതു ശതമാനം പലിശയ്ക്ക് നൽകിയ വായ്പ പൂർണമായും പലിശരഹിത വായ്പയാക്കി മാറ്റുന്നതിന് 131 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ഈ തുക കൂടി ചേർത്ത് ആകെ 298 കോടി രൂപയാണ് വായ്പാ തിരിച്ചടവ് പൂർത്തിയാകുമ്പോൾ സർക്കാർ പലിശ സബ്‌സിഡിയിനത്തിൽ അയൽക്കൂട്ടങ്ങൾക്ക് നൽകുക.

TAGS: Kudumbashree |