തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ‘ഐ ലവ് 9 മന്‍ത് സ് മുലയൂട്ടല്‍ കേന്ദ്രം ആരംഭിച്ചു

Posted on: September 5, 2019

തിരുവനന്തപുരം: ഇനി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ പാലൂട്ടാന്‍ സുരക്ഷിത ഇടം തേടി വലയേണ്ടതില്ല. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ഐ ലവ് 9 മന്‍ത് സ് (ഐഎല്‍9) എന്ന മാതൃത്വ പരിരക്ഷാ സ്റ്റാര്‍ട്ടപ്പ് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഡൊമേഷ്യോ മുലയൂട്ടല്‍ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാകും.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സജ്ജമാക്കിയ ഡൊമേഷ്യോയുടെ ഉദ്ഘാടനം ഐഎംഎ പ്രസിഡന്റ് ഡോ. അനുപമ ആര്‍ നിര്‍വ്വഹിച്ചു. സീനിയര്‍ കൊമേഷ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, ഐഎല്‍9 സ്റ്റാര്‍ട്ടപ് ടീമംഗങ്ങളായ ഗംഗാ രാജ്, ഡോ. നിത്യ രാമസ്വാമി, ചിത്ര ജുഗ്‌നു, എസ് അനുപ്രിയ, ആര്യ ദേവരാജന്‍, റെയില്‍വെ ഉദ്യോഗസ്ഥരായ ഹര്‍ഷ കൃഷ്ണ, സുനില്‍, ശ്രീകുമാരന്‍ നായര്‍ എന്നിവരും പങ്കെടുത്തു.

യാത്രയില്‍ സുരക്ഷിതമായി പാലൂട്ടുന്നതിനായി സിഐഎംഎആര്‍ ഹോസ്പിറ്റല്‍സ്, തൃശൂര്‍ സരോജ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ കേരളത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലാണ് ഐഎല്‍9 മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ മുലയൂട്ടല്‍ കേന്ദ്രം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ എം ബീന വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. സിഐഎംഎആര്‍ ആന്‍ഡ് എടപ്പാള്‍ ഹോസ്പിറ്റല്‍സ് സിഇഒ ഗോകുല്‍ ഗോപിനാഥ് പങ്കെടുക്കും. തൃശൂര്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

ഷോപ്പിംഗ് മാള്‍, ഭക്ഷണശാല, ആശുപത്രി, മൃഗശാല, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ സുരക്ഷിതമായി പാലൂട്ടാനുള്ള അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഡൊമേഷ്യോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

TAGS: I Love 9 Months |