ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് : കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ടീം ജേതാക്കള്‍

Posted on: February 1, 2019

കോഴിക്കോട് : ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസിന്റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയെ പ്രതിനിധീകരിച്ച റിത്വിക് കെ, ജിസ് ജോണ്‍ സെബാസ്റ്റ്യന്‍ സഖ്യം ജേതാക്കളായി. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്നുള്ള ഡെനിറ്റ മെന്റസ്, അജയ് രാജ് സഖ്യം രണ്ടാമതെത്തി. വിജയികള്‍ക്ക് 75,000 രൂപയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 35,000 രൂപയുമാണ് സമ്മാനം. എസ്‌സിഎംഎസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ഇന്ദു നായര്‍ സമ്മാനങ്ങള്‍ നല്‍കി. കൊച്ചി എസ്‌സിഎംഎസ് ബിസിനസ് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ കൊച്ചി നഗരത്തില്‍ നിന്നും 181 ടീമുകള്‍ പങ്കെടുത്തു.

കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം ഇന്ത്യയിലെ 40 നഗരങ്ങളിലായാണ് ഇക്കുറി ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാല്‍പ്പത് നഗരങ്ങളെ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. പ്രാദേശികവിജയികള്‍ സോണ്‍ തലത്തില്‍ മത്സരിക്കും. സോണില്‍ മുന്‍നിരയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് ഏപ്രിലില്‍ മുംബെയില്‍ നടക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാം. ദേശീയതല മത്സര വിജയികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക.

ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ രീതിയിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്്. പിക്‌ബ്രെയിന്‍ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രഹ്മണ്യമായിരുന്നു ക്വിസ് മാസ്റ്റര്‍. ഫാസ്റ്റ്ട്രാക്കാണ് ഈ വര്‍ഷത്തെ ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങള്‍ നല്കിയത്.