ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020 : നുവാല്‍സ് ടീം വിജയികള്‍

Posted on: January 17, 2020

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍കൊളീജിയേറ്റ് ബിസിനസ് ക്വിസ് മത്സരമായ ടാറ്റാ
ക്രൂസിബിള്‍ കാമ്പസ് ക്വിസിന്റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) സ്റ്റീവന്‍ ജോര്‍ജ് എബ്രഹാം, ജിതേഷ് വി എന്നിവരടങ്ങുന്ന ടീം വിജയികളായി. എസ്.സി.എം.എസ്. കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നടന്ന മത്സരത്തില്‍ മൊത്തം 108 ടീമുകളാണ് മത്സരിച്ചത്.

സ്റ്റീവന്‍ ജോര്‍ജ് എബ്രഹാം-ജിതേഷ് വി സഖ്യം 75,000 രൂപ ക്യാഷ് അവാര്‍ഡ് നേടിയതിന് പുറമെ ദേശീയ ഫൈനലിലേക്കുള്ള യോഗ്യത റൗണ്ടായ സോണല്‍ മത്സരത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എൻജിനീയറിംഗിനെ
പ്രതിനിധീകരിച്ചെത്തിയ ശുഭം ഝാ- സൗരവ് സിന്‍ഹ മഹാപത്ര ടീം മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായി. 35,000 രൂപയുടെ ക്യാഷ് അവാര്‍ഡ് ടീമിന് സമ്മാനമായി ലഭിച്ചു. എസ്.സി.എം.എസ്. ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ സ്ഥാപനങ്ങളുടെ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. രാധ തേവനൂര്‍ ഫൈനല്‍ മത്സരത്തിലെ മുഖ്യാതിഥിയായിരുന്നു.

ഇന്‍ഡസ്ട്രി 4.0 കണ്‍സെപ്റ്റിനെ ആസ്പദമാക്കിയായിരുന്നു ഈ വര്‍ഷത്തെ ക്വിസ് മത്സരം. ‘പിക്‌ബ്രെയിന്‍’ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ് മാസ്റ്റര്‍ ഗിരി ബാലസുബ്രഹ്മണ്യമായിരുന്നു ക്വിസ് മാസ്റ്റര്‍.

ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസ് ക്വിസിന്റെ പതിനാറാം പതിപ്പ് രണ്ട് മാസം കൊണ്ട് 40 നഗരങ്ങളിലായാണ് അരങ്ങേറുക. അഞ്ചു മേഖല റൗണ്ടുകളിലെ വിജയികളാണ് മുംബൈയില്‍ നടക്കുന്ന ദേശീയ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുക. ദേശീയ ഫൈനല്‍ മത്സര ജേതാക്കള്‍ക്ക് ടാറ്റാ  ക്രൂസിബിള്‍ ട്രോഫിക്കൊപ്പം അഞ്ചു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ടാറ്റ ക്ലിക്കാണ് ഈ വര്‍ഷത്തെ ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങള്‍ നല്കുന്നത്.