ലുലു മാൾ ഉപഭോക്താക്കൾക്കായി ലോയൽറ്റി പ്രോഗ്രാം ആരംഭിച്ചു

Posted on: November 17, 2015

Lulu-Mall-Happiness-Loyalty

കൊച്ചി : ലുലുമാളിന്റെ ലോയൽറ്റി പ്രോഗ്രാമായ ലുലു ഹാപ്പിനെസ് – ലോയൽറ്റി & റിവാർഡ്‌സ് സിനിമാതാരം മഞ്ജു വാര്യർ പുറത്തിറക്കി. ലോയൽറ്റി കാർഡിന്റെ ആദ്യ അംഗത്വം മഞ്ജുവാര്യർക്ക് ലുലുഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ് കൈമാറി. ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലുഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, മാൾ അസി. മാനേജർ കെ.കെ. ഷെരീഫ്, ലുലുഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു മാൾ ഓപറേഷൻസ് മാനേജർ സമീർ വർമ്മ എന്നിവർ പ്രസംഗിച്ചു.

പ്രവർത്തനമാരംഭിച്ച സമയം മുതൽ സ്ഥിരമായി മാൾ സന്ദർശിച്ചുകൊണ്ടിരിക്കുന്ന ആയിരകണക്കിനു സ്ഥിരം ഉപഭോക്താക്കൾക്കു പ്രയോജനപ്പെടുന്നതിനാണ് ലുലു മാൾ ലോയൽറ്റി പ്രോഗ്രാം ആരംഭിച്ചിട്ടുള്ളത്. ലുലു ഹാപ്പിനെസ്- ലോയൽറ്റി & റിവാർഡ്‌സ് പ്രോഗ്രാം  ‘ഇൻലോയൽ’ എന്ന പേരിൽ ഒരു മൊബൈൽ ആപ്പായി എല്ലാ ആൻഡ്രോയ്ഡ് & ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. പണം ചെലവഴിക്കുന്നത് ഹൈപ്പർ മാർക്കറ്റ്, സിനിമ, ഫുഡ് കോർട്ട്, ഇലക്‌ട്രോണിക്‌സ്, ഫാഷൻ ഔട്ട്‌ലെറ്റ്, പാർക്കിംഗ് എന്നിവയിലേതിലായാലും റിവാർഡിനായി പരിഗണിക്കും.

ഉപഭോക്താക്കളുടെ സൗകര്യം മാനിച്ച്, ബില്ലുകൾ ഫോണുകളിലൂടെ ഫോട്ടോ എടുത്ത് സമർപ്പിക്കാനും അതതു സമയം പോയിന്റുകൾ നേടാനും ആപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. പോയിന്റ് സംവിധാനത്തിലാണ് റിവാർഡ് ലഭിക്കുന്നത്. ഉപഭോക്താവ് ചെലവഴിക്കുന്ന ഓരോ നൂറു രൂപയ്ക്കും അയാളുടെ ലോയൽറ്റി വാലറ്റിലേയ്ക്ക് ഒരു പോയിന്റ് വീതം കൂട്ടിചേർക്കുന്നു.

പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് വിസ്മയകരമായ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കുമെന്ന് ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് പറഞ്ഞു. ലോയൽറ്റി പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഉപഭോക്താക്കൾക്ക് മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ ഒരു ലോയൽറ്റി ഡെസ്‌ക്കും ഒരുക്കിയിട്ടുണ്ട്.

ലുലു ഹാപ്പിനെസ് – ലോയൽറ്റി & റിവാർഡ്‌സിന്റെ രണ്ടാം ഘട്ടത്തിൽ, ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ചെക്ക് ഔട്ട് കൗണ്ടറുകളിലും ഉപഭോക്താക്കൾക്ക് അവരുടെ ബില്ലുകളിലെ ബാർകോഡ് മാത്രം ഫോട്ടോ എടുത്ത് അയച്ചാൽ ബാർകോഡ് സ്‌കാൻ ചെയ്ത് പോയിന്റുകൾ നേടാനും അവിടെ വച്ചു തന്നെ ലോയൽറ്റി പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കുമെന്ന് ഷിബു ഫിലിപ്‌സ് പറഞ്ഞു. ഉദ്ഘാടന ഓഫർ എന്ന നിലയിൽ ഇൻലോയൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു സൗജന്യ പാർക്കിംഗ് ടിക്കറ്റും 100 പോയിന്റുകളും നൽകുമെന്നും  അദ്ദേഹം വ്യക്തമാക്കി.