എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടിന്റെ ഫിനാൻസ് ജിം

Posted on: July 14, 2016

L-&-T-Mutual-Fund-Big

കൊച്ചി : യുവാക്കൾക്കിടയിൽ സാമ്പത്തിക ആസൂത്രണത്തിന്റെ നേട്ടങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ട് എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് ഫിനാൻസ് നിക്ഷേപ ബോധവത്കരണ പരിപാടിയായ ജിമ്മിന് തുടക്കം കുറിച്ചു. ലേണിംഗ് കർവ് അക്കാദമിയുമായി സഹകരിച്ചാണ് പദ്ധതി.

ഓൺലൈൻ സിമുലേഷൻ ഗെയിമുകൾ, ഇന്ററാക്ടീവ് ക്ലാസ് റൂം പ്രവർത്തനങ്ങൾ എന്നിവയടക്കമുള്ള ഘടകങ്ങളാണ് ഈ പദ്ധതിയിലുള്ളത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ, ഫിക്‌സഡ് ഡെപ്പോസിറ്റുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്ന രീതിയിലുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതാണ് സിമുലേഷൻ ഗെയിമുകൾ. ക്ലാസ് റൂമിൽ പത്തു മണിക്കൂർ ചെലവഴിക്കുമ്പോൾ സ്വന്തമായ സാമ്പത്തിക ആസൂത്രണ പദ്ധതികൾ തയാറാക്കാൻ ഓരോ വിദ്യാർത്ഥിയേയും പര്യാപ്തരാക്കുക എന്നതാണ് ഫിനാൻസ് ജിമ്മിന്റെ ലക്ഷ്യം.

ഇതിനു പുറമെ എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടിന്റെ വിദഗ്ദ്ധരുമായി ആശയ വിനിമയം നടത്തി ധനകാര്യ മേഖലയെക്കുറിച്ചു കൂടുതൽ അറിയാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെടുന്ന എല്ലാ വിദ്യാർത്ഥികളുടെ മനസിലും സാമ്പത്തിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ ഉയർത്താൻ പദ്ധതി സഹായകമാകുമെന്ന് എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് സിഇഒ കൈലാഷ് കുൽക്കർണി ചൂണ്ടിക്കാട്ടി.