എൽ ആൻഡ് ടി ഇക്വിറ്റി ഫണ്ടിന് 10 വയസ്

Posted on: June 15, 2015

L-&-T-Equity-fund-big

കൊച്ചി : എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടിന്റെ പതാകവാഹക പദ്ധതിയായ എൽ ആൻഡ് ടി ഇക്വിറ്റി ഫണ്ട് പത്തുവർഷം പൂർത്തിയാക്കി. ഊ കാലയളവിൽ ഫണ്ട് നിക്ഷേപകർക്കു 20 ശതമാനം വാർഷിക റിട്ടേൺ നല്കി. അതായത് ഫണ്ട് തുടങ്ങിയ 2005 മെയ് മാസത്തിൽ നിക്ഷേപിച്ച 1 ലക്ഷം രൂപ 2015 മെയ് മാസത്തിൽ 6.28 ലക്ഷം രൂപയായി വർധിച്ചിരിക്കുകയാണ്.

പ്രവർത്തനം തുടങ്ങിയതു മുതൽ ഫണ്ടിന്റെ ബഞ്ച്മാർക്കായ ബിഎസ്ഇ 200 സൂചികയേക്കാൾ 5.03 ശതമാനവും സെൻസെക്‌സ് സൂചികയേക്കാൾ 4.55 ശതമാനവും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. അതായത് ഫണ്ടിന്റെ തുടക്കത്തിൽ 10,000 രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ അത് ഇപ്പോൾ 63,379 രൂപയാകുമായിരുന്നു. ബിഎസ്ഇ 200-ലാണ് ആ തുക നിക്ഷേപിച്ചിരുന്നതെങ്കിൽ അത് 40,914 രൂപയും സെൻസെക്‌സിലായിരുന്നുവെങ്കിൽ 42,827 രൂപയുമേ ആകുമായിരുന്നുളളു.

ലാർജ്കാപ്, മിഡ്കാപ്, സ്‌മോൾ കാപ് ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാലത്തിൽ മൂലധന വളർച്ച ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫണ്ടിന്റെ മികച്ച റിട്ടേണിന്റെ കാരണം അച്ചടക്കത്തോടെയുളള നിക്ഷേപസമീപനമാണെന്നു എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൈലാഷ് കുൽക്കർണി അറിയിച്ചു. സൗമേന്ദ്രനാഥ് ലാഹിരി, അഭിജീത് ദാക്ഷിക്കർ എന്നിവരാണ് എൽ ആൻഡ് ടി ഇക്വിറ്റിയുടെ ഫണ്ട് മാനേജർമാർ.

ഫണ്ട് പ്രവർത്തനം തുടങ്ങിയ അന്നു മുതൽ എസ്‌ഐപി നിക്ഷേപസൗകര്യമൊരുക്കിയ രാജ്യത്തെ ആദ്യത്തെ മ്യൂച്വൽ ഫണ്ടു പദ്ധതി കൂടിയാണ് എൽആൻഡ്ടി ഇക്വിറ്റി. പത്തുവർഷക്കാലത്ത് എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് 7 ലക്ഷം നിക്ഷേപ ഫോളിയോ ആണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 375 സ്ഥലങ്ങളിൽ ഫണ്ടിന് ഓഫീസ് സൗകര്യങ്ങളുണ്ട്. ഓഹരി, ഓഹരിയധിഷ്ഠിത ഉപകരണങ്ങളിൽ നിക്ഷേപം നടത്തുന്ന ഈ ഫണ്ട് ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിടുന്ന നിക്ഷേപകർക്കു യോജിച്ചതാണ്.