ഒന്നാം ക്വാർട്ടറിൽ സ്വർണത്തിന്റെ ഡിമാൻഡ് 21 ശതമാനം വർധിച്ചു

Posted on: May 12, 2016

GOLD-ORNAMENTS-BIG

കൊച്ചി : സ്വർണത്തിന്റെ ആഗോള ആവശ്യകത നടപ്പു വർഷം ഒന്നാം ക്വാർട്ടറിൽ (ജനുവരി-മാർച്ച്) 21 ശതമാനം വർധിച്ച് 1290 ടണ്ണിലെത്തി. സമ്പദ്‌വ്യവസ്ഥയിലെ സ്ഥിരതയില്ലായ്മ മൂലം നിക്ഷേപകരുടെ ആശങ്കയും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സിന്റെ അധികമായ ആവശ്യവുമാണ് ഈ വർധനവിന് കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഗോൾഡ് ഡിമാൻഡ് ട്രെൻഡ്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഇതേസമയം സ്വർണാഭരണങ്ങളുടെ ആവശ്യകത കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 19 ശതമാനം കുറഞ്ഞ് 482 ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഒന്നാം ക്വാർട്ടറിൽ 597 ടൺ ആയിരുന്നു സ്വർണത്തിന്റെ ആവശ്യകത. ഉയർന്ന വിലയും ഇന്ത്യയിലെ വ്യവസായരംഗത്തെ മാറ്റങ്ങളും ചൈനയിലെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലായതുമാണ് ആഭരണങ്ങൾ വാങ്ങുന്നത് കുറയാൻ ഇടയാക്കിയത്.

ഒന്നാം ക്വാർട്ടറിൽ ഇടിഎഫ് 364 ടണ്ണായി കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷത്തെ ഒന്നാം ക്വാർട്ടറിൽ 26 ടൺ മാത്രമായിരുന്നു ഇടിഎഫ് ഉപയോഗം. 2009-ലെ ഒന്നാം ക്വാർട്ടറിനുശേഷം ഏറ്റവുമധികം ഇടിഎഫ് ഉപയോഗപ്പെടുത്തിയത് കഴിഞ്ഞ ക്വാർട്ടറിലാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ചൂണ്ടിക്കാട്ടി.