ഐസിഐസിഐ ബാങ്കിന്റെ ഭവനവായ്പ ഒരു ലക്ഷം കോടി രൂപ കവിഞ്ഞു

Posted on: January 14, 2016

ICICI-Bank-Home-Loans-Big

കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ ഭവന വായ്പ ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. സ്വകാര്യ മേഖലയിൽ ആദ്യമായി ഈ നാഴികക്കല്ലു കടക്കുന്ന ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇതിന്റെ ഭാഗമായി നിർമാണത്തിലിരിക്കുന്ന പദ്ധതികളുമായി ബന്ധിപ്പിച്ചു രണ്ടു പുതിയ ഡിജിറ്റൽ സേവനങ്ങൾക്കു ബാങ്കു തുടക്കം കുറിക്കുകയും ചെയ്തു. പുതിയ ഭവന വായ്പയുടെ വിലയിരുത്തലും വിതരണവും ലളിതവും വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളവയാണിവ.

എട്ടു പ്രവൃത്തി മണിക്കൂറുകൾക്കുള്ളിൽ ഭവനവായ്പയ്ക്ക് ഓൺലൈൻ അനുമതി നല്കുന്നതാണ് ആദ്യത്തെ സേവനം. വായ്പ എടുക്കുന്നവർക്കു ശാഖ സന്ദർശിക്കാതെ ഓൺലൈനായി മോർട്ട്‌ഗേജ് അസസ്‌മെന്റ് നടത്തുവാൻ സാധിക്കും. ഇതുവഴി ഉപഭോക്താവിന് അവരുടെ അപേക്ഷ, വരുമാന സർട്ടിഫിക്കറ്റും കെവൈസിയും അപ്‌ലോഡ് ചെയ്യൽ, എന്നിവ എവിടെയിരുന്നും നടത്താൻ സാധിക്കും. അതേപോലെ ഭവന വായ്പയ്ക്കുള്ള അവസാന അംഗീകാരവും എവിടെയിരുന്നും സ്വീകരിക്കാം.

ഐസിഐസിഐ ബാങ്കിതര ഉപഭോക്താക്കൾ ഉൾപ്പെടെ ശമ്പള വരുമാനമുള്ള വ്യക്തികൾക്കു ഈ സേവനം ഉപയോഗപ്പെടുത്താം. താത്കാലിക വായ്പ അനുവദിക്കുന്ന നിലവിലുള്ള രീതിയേക്കാൾ മെച്ചപ്പെട്ടതാണ് പുതിയരീതി.

പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ വായ്പ എടുക്കുന്ന ഉപഭോക്താവിന് ആദ്യത്തെ വായ്പാ ഗഡുവിനുശേഷം വരുന്ന എല്ലാ ഗഡുക്കളും ബാങ്കിന്റെ ഐ ലോൺ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കടലാസ് രഹിതമായി ഓഫീസിലിരുന്നോ വീട്ടിലിരുന്നോ ഒക്കെ വാങ്ങാൻ കഴിയും. അതിനായി ഐ ലോൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ബിൽഡറിൽനിന്നുള്ള ഡിമാൻഡ് ലെറ്റർ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താൽ മതി. ആവശ്യമായ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഇതോടൊപ്പം അപ്‌ലോഡ് ചെയ്യണം.

നാലു പ്രവൃത്തി ദിനത്തിനുള്ളിൽ തുക വായ്പക്കാരനു ലഭിക്കും. ഇത് 24 മണിക്കൂറുമുള്ള സേവനമാണ്. ഇടപാടുകാരനു ശാഖ സന്ദർശിക്കാതെ തന്നെ വായ്പാ ഗഡു ലഭിക്കുന്നു. ഇതുവഴി സമയം ലാഭിക്കുവാൻ സാധിക്കുന്നു. നിലവിലുള്ള രീതിയിൽ ഓരോ ഗഡുവും വാങ്ങുവാൻ കുറഞ്ഞതു രണ്ടുതവണയെങ്കിലും ശാഖ സന്ദർശിക്കേണ്ടതുണ്ട്.