മികച്ച റിട്ടേൺ നല്കി യുടിഐ മിഡ്കാപ് ഫണ്ട്

Posted on: November 22, 2015

UTI-Logo-new-Big

കൊച്ചി : പത്തുവർഷം പൂർത്തിയാക്കിയ യുടിഐ മിഡ്കാപ് ഫണ്ട് ഒരു വർഷം, മൂന്നുവർഷം, അഞ്ചുവർഷം കാലയളവിൽ ബഞ്ച്മാർക്ക് സൂചികയായ സിഎൻഎക്‌സ് മിഡ്കാപ്പിനേക്കാൾ മികച്ച റിട്ടേൺ നല്കി. മികച്ച നിലവാരമുള്ള ഓഹരികൾ നിക്ഷേപത്തിനായി തെരഞ്ഞെടുത്തതാണ് മെച്ചപ്പെട്ട റിട്ടേൺ ഉറപ്പാക്കാൻ ഫണ്ടിനു സാധിച്ചത്.

ഒരു വർഷക്കാലത്ത് ഫണ്ട് നല്കിയ റിട്ടേൺ 21 ശതമാനമാണ്. ഇക്കഴിഞ്ഞ മൂന്ന്, അഞ്ച് വർഷക്കാലത്ത് ഫണ്ട് 15 ശതമാനത്തിനു മുകളിൽ വാർഷിക റിട്ടേൺ നല്കിയിട്ടുണ്ട്. അഞ്ചുവർഷമായി ക്വാർട്ടർ അടിസ്ഥാനത്തിൽ 94 ശതമാനം സമയത്തും ഫണ്ട് ബഞ്ച്മാർക്കിനേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. അടുത്തകാലത്തെ വിപണി റാലിയിൽ ഫണ്ട് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മൂന്നുവർഷക്കാലത്തെ വാർഷിക റിട്ടേൺ 34 ശതമാനമാണ്. ബഞ്ച്മാർക്ക് റിട്ടേൺ 18 ശതമാനമാണ്.

വിപണിയിലെ വന്യമായ വ്യതിയാനങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ ഫണ്ടിനു സാധിക്കുന്നുണ്ട്. 2008-ലെ വിപണി തകർച്ചയിൽ ഫണ്ടിന്റെ പ്രകടനം മോശമാെയങ്കിലും 2011-ലും 2013-ലുമുണ്ടായ താഴ്ചകളെ ഫലപ്രദമായി നേരിടുവാൻ ഫണ്ടിനു സാധിച്ചു.

2014 കലണ്ടർ വർഷത്തിൽ 90 ശതമാനം റിട്ടേൺ നേടുവാൻ ഫണ്ടിനെ സഹായിച്ചത് നിക്ഷേപശേഖരത്തിന്റെ പ്രത്യേകതയാണ്. 2014-ന്റെ തുടക്കത്തിൽ ഫണ്ടിന്റെ നിക്ഷേപശേഖരത്തിൽ ഏറ്റവും മുന്നിൽ നിന്നത് ഓട്ടോ സെക്ടറാണ്. ധനകാര്യ സേവനത്തിനു കുറഞ്ഞ പരിഗണനയാണു നല്കിയത്. ഓട്ടോ, ഫാർമ മേഖലയിലെ മുന്നേറ്റമാണ് ഫണ്ടിനെ 2014-ൽ സഹായിച്ചത്.

കൺസ്ട്രക്ഷൻ, ടെക്‌സ്റ്റൈൽസ്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവയ്ക്കു നല്കിയ പ്രധാന്യവും ഫണ്ടിന് നേട്ടം നല്കി. ഫണ്ടിന്റെ നിക്ഷേപശേഖരത്തിൽ നൂറിലധികം ഓഹരികളുണ്ട്. ഒരു ഓഹരിയിലെ നിക്ഷേപം 2 ശതമാനത്തിനു താഴെ നിർത്തിയിരിക്കുന്നു. നിക്ഷേപത്തിൽ 65 ശതമാനത്തോളം ഓഹരികൾ മിഡ്കാപ് ഓഹരികളിലാണ്.