സ്വർണാഭരണ ഡിമാൻഡിൽ 23 ശതമാനം ഇടിവ്

Posted on: August 17, 2015

Gold-Bonds-big

കൊച്ചി: ആഗോളതലത്തിൽ സ്വർണ വിപണി കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ. ആകെ ഡിമാൻഡ് 915 ടണ്ണായി കുറഞ്ഞു. എന്നാൽ യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ സ്വർണാഭരണങ്ങൾ, സ്വർണ ബാറുകൾ, നാണയങ്ങൾ എന്നിവയ്ക്ക് പ്രിയം ഏറി. 2014 ൽ 595 ടൺ സ്വർണാഭരണത്തിന് ഡിമാൻഡ് ഉണ്ടായിരുന്നത് 14 ശതമാനം ഇടിഞ്ഞ് 513 ടണ്ണായി കുറഞ്ഞു. ഏഷ്യയിലെ ഉപയോക്താക്കളാണ് പുറകോട്ട് പോയത്.

ചൈനയിലെ സാവധാനത്തിലുള്ള സാമ്പത്തിക വളർച്ചയും പ്രക്ഷുബ്ധമായ ഓഹരി വിപണിയും ചേർന്ന് ഡിമാൻഡ് 5 ശതമാനം കുറച്ച് 174 ടണ്ണിലെത്തിച്ചു. ഇന്ത്യയിൽ ആദ്യ ക്വാർട്ടറിൽ ശക്തമായ മഴയും രണ്ടാം ക്വാർട്ടറിലെ വരൾച്ചയും ഗ്രാമീണ വരുമാനത്തെ കാര്യമായി ബാധിക്കുകയും ആഭരണത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്തു. കൂടാതെ മൂന്നാം ക്വാർട്ടറിൽ വിവാഹങ്ങൾക്കുള്ള ശുഭമുഹൂർത്തങ്ങൾ കുറവാണെന്നതും സ്വർണാഭരണത്തിന്റെ ഡിമാൻഡ് 23 ശതമാനം കുറഞ്ഞ് 118 ടണ്ണിലെത്താൻ കാരണമായി.

2014 രണ്ടാം ക്വാർട്ടറിനെ അപേക്ഷിച്ച് ആഗോളതലത്തിൽ നിക്ഷേപത്തിനായുള്ള സ്വർണത്തിന്റെ ആവശ്യം 200 ടണ്ണിൽ നിന്ന് 11 ശതമാനം കുറഞ്ഞ് 179 ടണ്ണായി. ഇക്കാലയളവിൽ ഇന്ത്യൻ നിക്ഷേപം 30 ശതമാനം ഇടിഞ്ഞ് 37 ടൺ മാത്രമാണ്. ചൈനയിൽ ബാറിനും നാണയത്തിനും 6 ശതമാനം ഡിമാൻഡ് വർധനവുണ്ടായി. യൂറോപ്പിലും 19 ശതമാനം വർധന രേഖപ്പെടുത്തി. യുഎസിൽ 7 ശതമാനം റീട്ടെയിൽ നിക്ഷേപം വർധിച്ചു.