ബാങ്ക് നിക്ഷേപത്തിന് ഇനി സ്വർണവും

Posted on: June 14, 2015

Gold-Bangles-big

ലോക്കറിൽ സൂക്ഷിക്കുന്ന സ്വർണം ഇനി ബാങ്കിൽ നിക്ഷേപിക്കാം. പലിശയും ലഭിക്കും. ലോക്കർ വാടക ഉൾപ്പടെ ഒരു തരത്തിലുള്ള നഷ്ടഭീതിയും വേണ്ട. ഉത്പാദനം നാമമാത്രമെങ്കിലും എകദേശം 800 മുതൽ 1000 ടൺ വരെയാണ് ഇന്ത്യയുടെ വാർഷിക സ്വർണം ഇറക്കുമതി. ക്രൂഡോയിൽ കഴിഞ്ഞാൽ നാം ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് സ്വർണം ഇറക്കുമതിക്കാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ധനക്കമ്മി വൻതോതിൽ വർധിക്കുകയും സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണം ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഗവൺമെന്റ് ഏർപ്പെടുത്തിയത്.

ഇന്ത്യക്കാരുടെ കൈവശം ഏകദേശം 22000 ത്തോളം ടൺ സ്വർണമാണുള്ളത്. ഈ സ്വർണം പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സ്വർണ നിക്ഷേപ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമിരിക്കുന്ന സ്വർണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ അതിന് ഒരു നിശ്ചിത ശതമാനം പലിശ ലഭ്യമാകും. സ്വർണത്തിന്റെ മൂല്യത്തിലോ അളവിലോ ഒട്ടും കുറവുവരാതെ തന്നെ. കൂടാതെ പലിശക്ക് നികുതിയിളവും ലഭ്യമാണ്.

മുപ്പത് ഗ്രാം മുതൽ സ്വർണം ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഇതിനായി സ്വർണം ഗുണനിലവാര പരിശോധനാകേന്ദ്രങ്ങളിൽ എത്തിക്കണം. അവിടെ സ്വർണം ഉരുക്കി അതിന്റെ പരിശുദ്ധിയും കൃത്യമായ അളവും രേഖപ്പെടുത്തി ഒരു സർട്ടിഫിക്കറ്റ് നൽകുന്നു. ഇത് ബാങ്കുകളിൽ നൽകി ഗോൾഡ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ഏറ്റവും ചുരുങ്ങിയ നിക്ഷേപ കാലയളവ് ഒരു വർഷമാണ്. എന്നാൽ ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് പോലെ ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള സംവിധാനവും ലഭ്യമാണ്.

പലിശ 30/60 ദിവസങ്ങളിൽ ആവശ്യമെങ്കിൽ ലഭ്യമാക്കും. പലിശ സ്വർണമായാണ് കണക്കാക്കുന്നത്. അതായത് ഒരു വ്യക്തി 100 ഗ്രാം സ്വർണം നിക്ഷേപിച്ചെന്നിരിക്കട്ടെ, പലിശ ഒരു ശതമാനവും. ഒരു വർഷം പൂർത്തിയായാൽ അയാളുടെ അക്കൗണ്ടിൽ 101 ഗ്രാം സ്വർണം ലഭ്യമാകും. നിക്ഷേപ കാലാവധിയുടെ അവസാനം ലഭ്യമാവുന്ന സ്വർണം സ്വർണമായിത്തന്നെയോ അല്ലെങ്കിൽ മാർക്കറ്റ് വിലയായോ സ്വീകരിക്കാനുള്ള അവസരവും ലഭ്യമാണ്.

ഈ പദ്ധതിയിൽ ബാങ്കുകൾക്കാണ് പലിശ നിർണയിക്കാനുള്ള അധികാരം. എന്നാൽ ഇത് ഏകദേശം 1-2 ശതമാനം മാത്രമാകുമെന്നാണ് കരുതുന്നത്. ഇത്തരം രീതിയിൽ സ്വരുപിക്കുന്ന സ്വർണം, റിസർവ് ബാങ്ക് നിഷ്‌കർഷിച്ചിരിക്കുന്ന മിനിമം കരുതാൽ ധനത്തിലേക്ക് ബാങ്കുകൾക്ക് ഉൾക്കൊള്ളിക്കാവുന്നതാണ്. അതുപോലെ ആഭ്യന്തര സ്വർണ ഉൽപാദകർക്ക് സ്വർണം വാങ്ങാനുള്ള ലോൺ ലഭ്യമാക്കാനും ബാങ്കുകൾക്ക് അധികാരം നൽകിട്ടുണ്ട്. ഇത്തരത്തിൽ സ്വീകരിക്കപ്പെടുന്ന സ്വർണം, ആഭ്യന്തര ആഭരണ നിർമാണ മേഖലയിലേക്ക് തിരിച്ചുവിടുകയും തന്മൂലം ഇറക്കുമതി കുറയ്ക്കാൻ കഴിയുമെന്നുമാണ് കരുതപ്പെടുന്നത്.

പദ്ധതിയേക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം ആശാവഹമായേക്കില്ലന്ന സൂചനയുണ്ട്. കാരണം ആഭരണ രൂപത്തിലോ മറ്റു രീതിയിലോ ഉള്ള സ്വർണം ഉരുക്കുന്നു എന്നതാണ്. വിവാഹ സമ്മാനമായോ, പാരമ്പര്യമായോ ലഭ്യമായ അല്ലെങ്കിൽ ആഭരണമായി സ്വന്തം ഉപയോഗത്തിനുള്ളതോ ആയ സ്വർണം ഉരുക്കുന്നതിനോട് താത്പര്യക്കുറവുണ്ടാവുന്നത് സ്വാഭാവികമാണ്. കൂടാതെ പലിശ നിരക്കും വളരെ കുറവാണെന്നതും മറ്റൊരു കാരണമാണ്. അതേ സമയം നിക്ഷേപാവശ്യത്തിന് കോയിൻ രൂപത്തിലും ബാർ രൂപത്തിലും വാങ്ങുന്നവർക്ക് ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ കൂടുതൽ വരുമാനദായകമാവും.

വി. ഹരീഷ് (ജിയോഫിൻ കോംട്രേഡ് സീനിയർ അനലിസ്റ്റ് )