സ്വർണവില വീണ്ടും കുറഞ്ഞു, വാങ്ങാൻ വൻ തിരക്ക്

Posted on: November 5, 2014

Gold-Bangles-big

സ്വർണവില കുറഞ്ഞതോടെ കേരളത്തിലെ ജുവല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറി. പവന് 19,600 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 19,680 രൂപയായിരുന്നു വില. നവംബർ ഒന്നിനാണ് സ്വർണവില 20,000 ന് താഴെ എത്തിയത്. ഇപ്പോഴത്തെ വിലക്കുറവ് മുതലെടുത്ത് സ്വർണം വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് മലയാളികൾ.

ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞതും ഡോളർ ശക്തി പ്രാപിച്ചതുമാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണം. ആഗോളതലത്തിൽ സ്വർണ ഉത്പാദനം കുറച്ചതിനാൽ വലിയ വിലയിടിവിന് സാധ്യതയില്ലെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.

സ്വിറ്റ്‌സർലൻഡിൽ സ്വർണ ശേഖരം കൂട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ ഈ മാസം ഹിതപരിശോധന നടക്കാനിരിക്കുകയാണ്. സ്വർണ ശേഖരം കൂട്ടാൻ തീരുമാനിച്ചാൽ സ്വർണ വില കൂടും. മറിച്ചാണെങ്കിൽ വില ഇനിയും കുറയും.

ഡിമാൻഡ് കുറയാത്തതിനാൽ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കള്ളക്കടത്ത് നിലച്ചിട്ടില്ല. സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ ബാങ്കുകളിൽ സ്വർണ നിക്ഷേ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്.