ടൂൺസ് ആനിമേഷൻ ഉമാ ദേവൻ നമസ്‌തെ പരമ്പര നിർമ്മിക്കുന്നു

Posted on: February 14, 2017

തിരുവനന്തപുരം : ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് മീഡിയ ഗ്രൂപ്പ് ന്യൂയോർക്ക് ആസ്ഥാനമായ ശർമാജി പ്രൊഡക്ഷൻസുമായി ചേർന്ന് ആനിമേഷൻ പരമ്പരയായ ഉമാ ദേവൻ നമസ്‌തെ നിർമ്മിക്കുന്നു. ചെറിയ കുട്ടികൾക്കു വേണ്ടി നിർമ്മിക്കുന്ന ആനിമേഷൻ പരമ്പരയിൽ 5 വയസ് പ്രായമുള്ള ഉമ, 4 വയസുള്ള ദേവൻ തുടങ്ങിയ അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരായ വികൃതി കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങൾ. അമേരിക്കയിൽ വളരുമ്പോഴും ഇന്ത്യൻ സംസ്‌കാരത്തിന്റെ മൂല്യങ്ങൾ സൂക്ഷിച്ചും അവിടുത്തെ സംസ്‌ക്കാരത്തെ ഉൾക്കൊണ്ടുമാണ് കുട്ടികളുടെ കഥ ചിത്രീകരിക്കുന്നത്.

പരമ്പരയിലെ ഓരോ ഭാഗങ്ങളും എല്ലാ സംസ്‌ക്കാരത്തെയും ഉൾക്കൊള്ളുന്നതും ആഗോള സംസ്‌ക്കാരിക മൂല്യങ്ങളെ മുന്നിൽ നിർത്തുന്നതുമാണെന്ന് ടൂൺസ് മീഡിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി. ജയകുമാർ പറഞ്ഞു. ആഗോളതലത്തിൽ എല്ലാ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കും, മുതിർന്നവർക്ക് കുട്ടികളുടെ കണ്ണുകളിലൂടെയും ആസ്വാദന യോഗ്യമാക്കിയാണ് ഉമാ ദേവൻ നമസ്‌തെ പരമ്പര നിർമ്മിക്കുന്നതെന്നും അദേഹം പറഞ്ഞു.

അമേരിക്കയിലേക്ക് കുടിയേറിയ മുത്തശ്ശിയും, മുത്തച്ഛനും, അമേരിക്കയിൽ ജനിച്ചു വളർന്ന അച്ഛനും, അമ്മയും, പ്രത്യേക സ്വഭാവക്കാരനായ അമ്മാവനും, കുട്ടുകാരുമടങ്ങിയ ചെറിയലോകത്ത് ഉമയും, ദേവനും സൃഷ്ടിക്കുന്ന കുസൃതികളാണ് പരമ്പരയുടെ ആധാരം. യോഗ, രംഗോളി, ഹോളി, റൊട്ടി ചൂടൽ, ക്രിക്കറ്റി കളി തുടങ്ങിയ ഇന്ത്യൻ ജീവിത രീതികൾ അമേരിക്കൻ സംസ്‌കാരവുമായി ഇണങ്ങിചേർന്ന് സൃഷ്ടിക്കപ്പെടുന്ന നിമിഷങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.

TAGS: Toonz Animation |