ജാഫർ ദ ഗ്രേറ്റ്

Posted on: October 9, 2015

Jaffer-Idukki-Big-a

മലയാള സിനിമയിൽ ജാഫർ ഇടുക്കി എന്ന ഹാസ്യതാരത്തിന് പ്രേക്ഷകർക്കിടയിൽ നല്ല മതിപ്പാണ്. പൊക്കമില്ലായ്മയാണോ, നാടൻ സംഭാഷണശൈലിയാണോ – കാരണം എന്തായാലും ജാഫറിനെ സ്‌ക്രീനിൽ കാണുമ്പോഴെ മലയാളികൾക്ക് ചിരിയാണ്. ഇടുക്കിജില്ലയിലെ തൊടുപുഴയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് ജാഫർ. അഭിനയരംഗത്ത് എത്തിയിട്ട് ഇപ്പോൾ 14 വർഷത്തിലേറെയായി. ഇതിനിടെ ഒട്ടേറെ സീരിയലുകളിലും 150 ലേറെ സിനിമകളിലും അഭിനയിച്ചു.

അമിതാഭ് ബച്ചനും, മമ്മൂട്ടിക്കും ഒപ്പം ജാഫറിന് അഭിനയിക്കാൻ കഴിഞ്ഞു. യുവതാരങ്ങളുടെ കൂടെയും ഒട്ടേറെ വേഷങ്ങളിട്ടു. വളരെ യാദൃശ്ചികമായി സിനിമയിലെത്തിയ അദ്ദേഹത്തിന് സിനിമ നൽകിയത് സൗഭാഗ്യങ്ങൾ മാത്രമാണ്. ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലമാണ് മലയാള സിനിമ തനിക്ക് നൽകിയതെന്ന് ജാഫർ പറയുന്നു. സിനിമാ വിശേഷങ്ങളും വീട്ടുകാര്യങ്ങളും ജാഫർ പങ്കിടുന്നു…

‘ബിഗ് ബി’ എന്ന മമ്മൂട്ടി ചിത്രത്തിൽ രണ്ട് കൈയ്യിലും രണ്ട് പട്ടിക്കുട്ടികളെയും കൊണ്ട് നടക്കുന്ന ജാഫർ ആ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. കൗതുകവും രസകരവുമാണ് നായ്ക്കുട്ടികളെയും എടുത്തുകൊണ്ടു നടക്കുന്ന ജാഫറിനെ കാണുമ്പോൾ. സിനിമയിൽ രണ്ട് പട്ടിക്കുട്ടികളാണെങ്കിൽ ജീവിതത്തിൽ ജാഫറിന് ഒരു ‘തത്തമ്മ’യുണ്ട്. വാനിൽ പറന്നുനടക്കുന്ന തത്തമ്മയോ വീടിന്റെ പൂമുഖത്ത് കൂട്ടിൽ കിടക്കുന്ന തത്തമ്മയുമല്ല. ജാഫറിന്റെ ബിസിനസ് സംരംഭമായ തത്തമ്മയുടെ വിശേഷങ്ങൾ പിന്നാലെ.

Jaffer-characters-d

സിനിമയിലെത്തിയിട്ട്….

സിനിമാ – സീരിയൽ രംഗത്തെത്തിയിട്ട് ഇപ്പോൾ 14 വർഷമാകുന്നു. എന്റെ ആദ്യ സീരിയൽ എട്ടു സുന്ദരികളും ഞാനും ആണ് . 2002 ലാണ് സിനിമയിൽ എത്തിയത്. കലാഭവനിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒ.കെ ചാക്കോ കൊച്ചിൻ ബുംബൈ, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മമ്മൂട്ടിയുടെ കൈയ്യൊപ്പ് എന്ന ചിത്രത്തിലാണ് എനിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടിയത്. അത് നല്ലൊരു പടമായിരുന്നു. ആ ചിത്രം അവാർഡ് പടമാണെന്ന് തോന്നിയതുകൊണ്ട് പ്രേക്ഷകശ്രദ്ധ കിട്ടിയില്ല. പിന്നെയും ധാരാളം ചിത്രങ്ങളിൽ വർക്ക് ചെയ്തു.

പുതിയ സിനിമാ വിശേഷം…

ഫഹദ് ഫാസിൽ നായകനാകുന്ന മഹേഷിന്റെ പ്രതികാരമാണ് എന്റെ പുതിയ സിനിമ. അതിൽ നടി അനുശ്രീയുടെ അച്ഛനായിട്ടാണ് വേഷമിടുന്നത്. ഗൗരവമുള്ള കഥാപാത്രമാണ്. ഈ പടത്തിൽ ഇടുക്കി ഭാഷയിലുള്ള സംഭാഷണമാണ്. സാധാരണ ഒരു  ഇടുക്കിക്കാരന്റെ വേഷമാണ്. ആഷിഖ് അബുവും റീമ കല്ലിങ്കലുമാണ് നിർമ്മാതാക്കൾ. ഇടുക്കിക്കാരനായ എനിക്ക് സ്വന്തം നാട്ടുകാരനെപ്പോലെ അഭിനയിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. അക്കൽദാമയിലെ പെണ്ണ് ആണ് എന്റെ മറ്റൊരു പുതിയ ചിത്രം. അതിൽ ശ്വേതാ മേനോനാണ് നായിക. ജയറാം എന്നയാളാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്. വേറെയും പുതിയ പടങ്ങളുടെ ചർച്ചകൾ നടക്കുന്നു.

ശ്രദ്ധേയമായ വേഷങ്ങൾ…

മമ്മൂട്ടിയുടെ കൂടെ ബിഗ് ബി, രൗദ്രം, കൈയ്യൊപ്പ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അമിതാഭ് ബച്ചന്റെ കൂടെ കാണ്ഡഹാർ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതുവരെ മോഹൻലാലിന്റെ കൂടെ അഭിനയിച്ചിട്ടില്ല. നിവിൻ പോളിയുടെ കൂടെയും അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. സിനിമാ ജീവിതം എങ്ങനെ പോകുന്നു എന്നുചോദിച്ചൽ ഞാൻ ഒരു ഓട്ടോറിക്ഷ ഓടിച്ചുനടന്നയാളാണ്. യുവജനമേളയിൽ പങ്കെടുത്ത് സിനിമയിലും സീരിയലിലും അറിയാതെ എത്തിച്ചേർന്നതാണ്. ദൈവാനുഗ്രഹത്താൽ എനിക്ക് കിട്ടിയിട്ടുള്ള വേഷങ്ങൾ ഒട്ടുമിക്കതും ശ്രദ്ധേയമായിരുന്നു. പ്രേക്ഷകരുടെ കണ്ണിൽ പെടുന്നതായിരുന്നു ചെയ്ത വേഷങ്ങളിൽ പലതും.

സിനിമയിൽ എനിക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് സീരിയസ് വേഷമാണ് . പൊക്കം കുറവാണ് വലിയ ഷേപ്പൊന്നുമില്ലെങ്കിലും ഒരു വില്ലൻ കഥാപാത്രം ചെയ്യാൻ താത്പ്പര്യമുണ്ട്. രാജൻ ഇടുക്കിയാണ് എന്നെ കലാരംഗത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തോടുള്ള കടപ്പാട് മറക്കാനാവില്ല. നല്ല വേഷങ്ങൾ നന്നായി ചെയ്യണമെന്ന് മാത്രമാണ് ഒരേ ഒരു ആഗ്രഹം.

Thathamma-Big

തത്തമ്മയുടെ വിശേഷങ്ങൾ…

ഞങ്ങൾക്ക് വീടിനടുത്തുതന്നെ തത്തമ്മ എന്നൊരു തുണിക്കടയുണ്ട്. ജന്റ്‌സ് ആൻഡ് കിഡ്‌സ് ഷോറൂം ആണ്. വലിയ വസ്ത്രശാലയല്ലെങ്കിലും അത്യാവശ്യം കച്ചവടമുളള സ്ഥാപനമാണ്. ഞാൻ സിനിമയിൽ വന്ന ശേഷമാണ് തത്തമ്മ തുടങ്ങിയത്. ഭാര്യയാണ് തത്തമ്മ നടത്തിക്കൊണ്ടുപോകുന്നത്. ഞാനും സഹകരിക്കുന്നുണ്ട്. വൈകാതെ തത്തമ്മ വിപുലമാക്കണമെന്നുണ്ട്.

സിനിമ എനിക്ക് നൽകിയത്…

ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. പല ജോലികളും ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിച്ചുനടന്ന കാലത്താണ് സിനിമയിൽ എത്തിയത്. ജീവിതത്തിൽ ഇപ്പോൾ നേടിയതെല്ലാം സിനിമ നൽകിയതാണ്. സിനിമ സൗഭാഗ്യമാണ് നൽകിയത്. സിനിമയിൽ വന്ന ശേഷമാണ് സ്വന്തമായി ഒരു വീട് വെയ്ക്കുന്നത്.

വീടിനടുത്തു കുറച്ചു സ്ഥലവും വാങ്ങി. സാമാന്യം കൊള്ളാവുന്ന ഒരു വീടും കുറച്ച് സ്ഥലവും സ്വന്തമാക്കാൻ കഴിഞ്ഞത് സിനിമയിൽ നിന്നുളള വരുമാനം കൊണ്ടാണ്. ഞാൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിട്ടുള്ളത് മൂന്ന് ലക്ഷം രൂപയാണ്. പിന്നെ കിട്ടിയിട്ടുള്ളതെല്ലാം അതിൽ താഴെയാണ്. ഒരുപാട് സാമ്പത്തികശേഷിയില്ലെങ്കിലും കൂടുതൽ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിച്ചുപോകുന്നു. ജീവിതം വളരെ ഹാപ്പിയാണ്. ഇതിൽ നിന്നും വളരെ പൊക്കിയില്ലെങ്കിലും താഴ്ത്തിക്കളയല്ലേ എന്നാണ് എന്റെ പ്രാർത്ഥന.

Jaffer-Family-Big

ഇനി അല്പം വീട്ടുകാര്യം…

ഞാനും കുടുംബവും തൊടുപുഴ ഉടുമ്പന്നൂരാണ് താമസിക്കുന്നത്. എന്റെ തറവാടിനടുത്തു തന്നെയാണ് താമസം. ഭാര്യ സിമി വീട്ടമ്മയാണ്. രണ്ട് മക്കൾ മൂത്ത മകൾ അൽഫിയ, സിവിൽ എൻജിനീയറിംഗ് രണ്ടാം വർഷം പഠിക്കുന്നു മകൻ മുഹമ്മദ് അൻസാഫ് എട്ടാം ക്ലാസ്സിലാണ്. കുടുംബജീവിതം സന്തോഷകരം.

പി. ആർ. സുമേരൻ