4 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളുമായി അമൃത സര്‍വകലാശാല

Posted on: December 28, 2019

അമൃതപുരി: അമൃത വിശ്വവിദ്യാപീഠം എംടെക്, പിഎച്ച്ഡി കോഴ്‌സുകളിലായി 31 പുതിയ പാഠ്യപദ്ധതികള്‍ പ്രഖ്യാപിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി, കോയമ്പത്തൂര്‍, ബംഗളുരു കാംപസുകളിലായാണ് ഈ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 2020-21 വര്‍ഷത്തില്‍ തുടങ്ങുന്ന ഈ കോഴ്‌സുകള്‍ക്കായി നാലു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യവസായരംഗത്തിന് അനുസൃതമായി തയാറാകുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ഭാവിയിലേയ്ക്ക് ഉപകരിക്കുന്ന സാങ്കേതികവിദ്യകളില്‍ പരിശീലനം നല്കുന്നതിനുമാണ് അമൃത സര്‍വകലാശാല എന്നും മുന്‍ഗണന നല്കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ ഡീന്‍ ഡോ. കൃഷ്ണശ്രീ അച്ച്യുതന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡേറ്റ സയന്‍സസ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജീസ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, സ്മാര്‍ട്ട് ഗ്രിഡ്‌സ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍സ്, ജിയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്റലിജന്റ് സിസ്റ്റംസ് എന്നിങ്ങനെയുള്ള എംടെക്, പിഎച്ച്ഡി കോഴ്‌സുകളാണ് പുതിയതായി ആരംഭിക്കുന്നത്. ഇന്‍ഡസ്ട്രി പാര്‍ട്ട്‌നേഴ്‌സിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്വകാര്യ സര്‍വകലാശാല ഇത്തരം നൂതന കോഴ്‌സുകള്‍ ആരംഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാംപസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് സിഗ്‌നല്‍ പ്രോസസിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്വര്‍ക്ക്, എംബഡഡ് കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍, ജിയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍, പവര്‍ ആന്‍ഡ് എനര്‍ജി (സ്മാര്‍ട്ട് ഗ്രിഡസ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍സ്), പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, സിഗ്‌നല്‍ പ്രോസസിംഗ് ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, തെര്‍മ്മല്‍ ഫ്‌ളൂയിഡ്‌സ് എന്‍ജിനീയറിംഗ്, വിഎല്‍എസ്‌ഐ ഡിസൈന്‍, വയര്‍ലെസ് നെറ്റ്വര്‍ക്ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളാണ് തുടങ്ങുന്നത്. www.amrita.edu/joinmtech എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.

എംടെക് കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷത്തേയ്ക്കും ഒരു ലക്ഷം രൂപയോളം സ്‌കോളര്‍ഷിപ്പായി നല്കും. ഇന്റഗ്രേറ്റഡ് എംടെക്, പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം പത്ത് ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്. ഗേറ്റ് യോഗ്യത നേടിയവര്‍ക്കും നേടാത്തവര്‍ക്കും അപേക്ഷിക്കാം. യൂറോപ്പ്, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഡ്യുവല്‍ ഡിഗ്രിക്കും ഡ്യുവല്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ചേരുന്നതിനും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.