കുഞ്ഞ് ഇഫെയിനെ കേരളം ‘ഹൃദയ’ത്തോട് ചേര്‍ത്തുപിടിച്ചു ; നല്‍കിയത് പുതുജീവന്‍

Posted on: June 22, 2022

കൊച്ചി : നൈജീരിയക്കാരന്‍ ആബിയയുടേയും ഭാര്യ തെരേസയുടേയും മുഖത്ത് ഇന്നലെ മുതല്‍ വിടര്‍ന്ന ചിരി കാണാം. കുറച്ച് ദിവസം മുമ്പ് വരെ ആ കണ്ണുകളില്‍ ആശങ്കകളുടെ വേലിയേറ്റമായിരുന്നു എങ്കില്‍, ഇന്ന് തിളക്കമാണ്. രണ്ട് വര്‍ഷത്തിലേറെയായികാണും ഇരുവരും മനസ്സ് തുറന്നൊന്ന് ചിരിച്ചിട്ട്. സന്തോഷവും സമാധാനവും എന്തെന്ന് അറിഞ്ഞിട്ട്. മൂന്നു വയസ്സുകാരന്‍ മകന്‍ ഇഫെയ്ന്‍ ഇമ്മാനുവലിന്റെ കുഞ്ഞു ഹൃദയത്തിന്റെ താളം അവരുടെ ജീവിതത്തിന്റേയും താളം തെറ്റിച്ചിരുന്നു. പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് കരുതിയ ആ കുടുംബത്തെ ഇങ്ങ് കേരളത്തില്‍ ചിലര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചതോടെ ജീവിതത്തിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്.

ഒരു വയസ്സുള്ളപ്പോഴാണ് ആബിയ -തെരേസ ദമ്പതികളുടെ ആദ്യ മകനായ ഇഫെയ്ന്റെ ശരീരത്തില്‍ അസാധാരണമായ നിറവ്യത്യാസം ശ്രദ്ധയില്‍ പെടുന്നത്. ഓക്സിജന്‍ അളവ് കുറവായതിനാല്‍ വളരെ പെട്ടെന്ന് ശരീരം തളരുന്ന സ്ഥിതി. വിദഗ്ധ പരിശോധനയില്‍ കുഞ്ഞിന് അപൂര്‍വതരം ഹൃദ്രോഗമാണെന്ന് കണ്ടെത്തി. നൈജീരിയയില്‍ തുടര്‍ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച്, അതുവിറ്റ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ദമ്പതികള്‍ക്ക് ഭീമമായ ചികിത്സ ചിലവ് താങ്ങാവുന്നതിലും അപ്പുറവും. അതുകൊണ്ട് തന്നെ പുറം രാജ്യത്ത് പോയി ചികിത്സ നടത്തുകയെന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത സാഹചര്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ആബിയയുടെ സഹോദരി ആസ്റ്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതും, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പനെ ഇമെയില്‍ വഴി കുടുംബത്തിന്റെ ദുരവസ്ഥ അറിയിക്കുന്നതും.

മധ്യേഷ്യയിലും ഇന്ത്യയിലും നിര്‍ധനരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നിലകൊള്ളുന്ന ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, അങ്ങനെ കുഞ്ഞ് ഇഫെയിന്റെ ചികിത്സ സൗജന്യമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ സിക് കിഡ്സ് (ASK) ഫൗണ്ടേഷന്‍ അതിന് നേതൃത്വവും നല്‍കി. അങ്ങനെ വിദഗ്ധ ചികിത്സയ്ക്കായി കുടുംബം കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയില്‍ എത്തുകയായിരുന്നു.

പ്രാഥമിക പരിശോധന പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ.പരംവീര്‍ സിംഗിന്റെ നേത്യത്വത്തിലാണ് നടത്തിയത്. തുടര്‍ന്ന് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

ടെട്രോളജി ഓഫ് ഫാലോട്ട് എന്ന കുട്ടികളില്‍ കാണുന്ന രോഗാവസ്ഥയില്‍ ഹൃദയത്തിന്റെ വലത് വെന്‍ട്രിക്കിളിന്റെ പുറത്തേക്ക് രക്തം ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നു. ഇവിടെ ടെട്രോളജി യോടൊപ്പം ഇടത്തെ കീഴറയില്‍ തടസ്സം എന്ന സങ്കീര്‍ണമായ അവസ്ഥ ആയിരുന്നു കൂടുതല്‍ വെല്ലുവിളിയെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സാജന്‍ കോശി പറഞ്ഞു.

ഐസിയുവിലും മറ്റുമായി ദിവസങ്ങളോളം ഇമചിമ്മാതെയുള്ള നിരീക്ഷണം. കുഞ്ഞ് ഇഫിയാന്‍ അങ്ങനെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ ദിവസം അവനും കുടുംബവും ചിരിച്ച മുഖത്തോടെ ആസ്റ്റര്‍ മെഡ് സിറ്റി വിട്ടു. ഇനിയവന് ആശങ്കകളേതുമില്ലാതെ ശ്വസിക്കാം. തളര്‍ച്ചയില്ലാതെ മുന്നോട്ടുള്ള ചുവടു വയ്ക്കാം.ഇഫെയ്ന്റെ പേരിലെ ഇമ്മാനുവലിന് അര്‍ത്ഥം ദൈവം നമ്മോട് കൂടെയെന്നാണ്. അവനെ ചേര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായ സംപ്തൃപ്തിയില്‍ ദൈവത്തിന്റെ സ്വന്തം നാടും.

 

TAGS: Aster Medcity |