ജപ്തി ഭീഷണി നീങ്ങി. മനം നിറഞ്ഞ് ആമിന ഉമ്മ. ബാങ്ക് വായ്പ തീര്‍ത്ത് വാക്ക് പാലിച്ച എം എ യൂസഫലിക്ക് നന്ദി പറഞ്ഞ് കുടുംബം

Posted on: December 7, 2021

ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടില്‍ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ, ജപ്തി ഭീഷണിയോ ഓര്‍ത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.

തൊഴിലുറപ്പ് ജോലിയ്ക്കിടയില്‍ ആരോ കാണാന്‍ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭര്‍ത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോട് കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു. യൂസഫലി ഉറപ്പ് നല്‍കിയതനുസരിച്ച് കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീര്‍ത്തതായി ജീവനക്കാര്‍ ആമിനയോട് പറഞ്ഞു.

വായ്പ അടവും പലിശയും ബാങ്കില്‍ കെട്ടിവെച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് ആമിനയുടെ കൈകളില്‍ ഏല്‍പ്പിച്ചു. ഒരു നിമിഷം ആശ്ചര്യപ്പെട്ട് നിന്ന ആമിനയുടെ കണ്ണുകള്‍ നിറഞ്ഞു. സങ്കടം വൈകാതെ പുഞ്ചിരിക്ക് വഴിമാറി. ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്ന് ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ആമിന നന്ദി പറഞ്ഞു. പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോട് നേരിട്ട് പറയുമ്പോള്‍ എല്ലാ വിഷമങ്ങള്‍ക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല.

ക്യാന്‍സര്‍ രോഗബാധിതനായ ആമിനയുടെ ഭര്‍ത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങള്‍ക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിര്‍ദേശപ്രകാരം കൈമാറി. ബാങ്കില്‍ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാര്‍ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്റെയും മുഖങ്ങളില്‍.

ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നാണ് വീടിരിയ്ക്കുന്ന സ്ഥലം പണയം വെച്ച് നേരത്തെ വായ്പ എടുത്തിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിന്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകള്‍ വരിയും അടവ് മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 214242 രൂപയും, പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കില്‍ കെട്ടിവെച്ചത്. വായ്പയ്ക്ക് വേണ്ടി ബാങ്കിന്റെ പേരിലാക്കിയ ഭൂമിയുടെ രേഖകള്‍ ഇന്ന് തന്നെ ആമിനയുടെ പേരിലാക്കി ബാങ്ക് തിരികെ നല്‍കും.

ഹെലികോപ്ടര്‍ അപകട സമയത്ത് ജീവന്‍ രക്ഷിച്ച രാജേഷിന്റെ കുടുംബത്തിന് നന്ദി പറയാന്‍ ഇന്നലെ പനങ്ങാട് എത്തിയപ്പോഴാണ് തന്റെ സങ്കടം അറിയിക്കാന്‍ ആമിന ഉമ്മ യൂസഫലിക്ക് മുന്നിലെത്തിയത്. ആമിനയുടെ വിഷമം ചോദിച്ച് മനസിലാക്കിയ ഉടന്‍ ബാങ്കില്‍ പണം കെട്ടിവെച്ച് എത്രയും വേഗം ജപ്തി ഭീഷണി ഒഴിവാക്കാന്‍ ലുലു ഗ്രൂപ്പ് ജീവനക്കാരോട് യൂസഫലി നിര്‍ദ്ദേശിക്കുകയായിരുന്നു.