9 വര്‍ഷമായി രോഗശയ്യയിലുള്ള ജയരാജന് സഹായവുമായി എം. എ. യൂസഫലി

Posted on: January 30, 2020

കൊച്ചി : ജയരാജന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലിയുടെ കാരുണ്യം. ഒമ്പതുവര്‍ഷം മുന്‍പ് പനയില്‍ നിന്ന് വീണ് ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായിപ്പോയ കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ വടക്കേ പുളന്താനത്ത് ജയരാജന് (48) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ അത്യാധുനിക ഇലക് ട്രോണിക് വീല്‍ച്ചെയര്‍ കൈമാറി.

കൂലിവേലകള്‍ ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയരാജന്‍ പനയില്‍ കയറി ഓലവെട്ടുന്നതിനിടയിലാണ് പിടിവിട്ട് താഴെവീണത്. നട്ടെല്ല് പലസ്ഥലത്തും ഒടിഞ്ഞ് അതീവ ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ശരീരത്തിന്റെ പകുതിഭാഗവും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി. നല്ലൊരു വീല്‍ച്ചെയര്‍ കിട്ടിയാല്‍ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങാനും എന്തെങ്കിലും വരുമാനം കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയില്‍ ജയരാജന്‍ ഫേസ്ബുക്കിലൂടെ നിരന്തരമായി എം. എ. യൂസഫലിയോട് നടത്തിയ അഭ്യര്‍തഥനയാണ് വഴിത്തിരവായത്.

അഭ്യർത്ഥന  ശ്രദ്ധയില്‍പ്പെട്ട എം. എ. യൂസഫലി ജയരാജനെക്കുറിച്ച് അന്വേഷിക്കുകയും ദയനീയാവസ്ഥ മനസ്സിലാക്കി ബംഗലുരുവിൽ നിന്ന് പ്രത്യേകമായി നിര്‍മിച്ച, ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീല്‍ച്ചെയര്‍ നല്‍കുകയായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബി. സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീല്‍ച്ചെയര്‍ കൈമാറി.