യെസ് ബാങ്ക് ഒരു ബില്യൺ ഡോളർ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു

Posted on: April 22, 2015

Yes-Bank-Ltd-big

മുംബൈ : യെസ് ബാങ്ക് ഒരു ബില്യൺ ഡോളർ (6,300 കോടി രൂപ) മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. ഇന്ത്യയിലും വിദേശത്തും ഓഹരിവിൽക്കാനാണ് യെസ് ബാങ്ക് ആലോചിക്കുന്നതെന്ന് ഫിനാൻസ് ചീഫ് രജത് മോംഗ പറഞ്ഞു.

ഇഷ്യു എപ്പോഴാണെന്ന് പറയാനാവില്ല. ബോർഡ് തീരുമാനത്തിന് ഓഹരിയുടമകളുടെയും സെബിയുടെയും അനുമതി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം മെയ് മാസത്തിൽ 500 മില്യൺ ഡോളർ (3,150 കോടി രൂപ) സമാഹരിച്ചിരുന്നു.

2015 മാർച്ചിൽ അവസാനിച്ച നാലാം ക്വാർട്ടറിൽ യെസ് ബാങ്കിന്റെ അറ്റാദായം 28.1 ശതമാനം വർധിച്ച് 551 കോടി രൂപയായി. മുൻവർഷം ഇതേകാലത്ത് 430.21 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം 2014 മാർച്ചിലെ 3,013.57 കോടിയിൽ നിന്ന് 3,678.83 കോടിയായി. ഗ്രോസ് എൻപിഎ 0.31 ശതമാനത്തിൽ നിന്ന് 0.41 ശതമാനമായി വർധിച്ചു.

2014-15 ലെ മൊത്തവരുമാനം മുൻവർഷത്തെ 11,702.93 കോടിയിൽ നിന്ന് 13,618.46 കോടി രൂപയായി വർധിച്ചു. സംയോജിത അറ്റാദായം 1,611.26 കോടിയിൽ നിന്ന് 1,997.42 കോടി രൂപയായി.