യുവരാജ്‌സിംഗ് വെഞ്ചർ കാപ്പിറ്റൽ രംഗത്ത്

Posted on: April 20, 2015

Yuvraj-Singh-Bigമുംബൈ : രാജ്യാന്തര ക്രിക്കറ്റർ  യുവരാജ് സിംഗ് വെഞ്ചർ കാപ്പിറ്റൽ രംഗത്ത്. യുവരാജിന്റെ സ്റ്റാർട്ടപ്പ് ഫണ്ടായ യുവികാൻ വെഞ്ചേഴ്‌സ്, മൊബൈൽ ബ്യൂട്ടി ആൻഡ് വെൽനെസ് പ്ലാറ്റ്‌ഫോം വ്യോമോയിൽ ആദ്യ നിക്ഷേപം നടത്തി. ആകെ 50 കോടി രൂപയാണ് യുവികാൻ വെഞ്ചേഴ്‌സിന്റെ മൂലധനം. ബ്യൂട്ടി പ്രഫഷണൽസിനെ പിന്തുണയ്ക്കാനുള്ള ശ്രമമെന്നാണ് നിക്ഷേപത്തോട് യുവരാജ് പ്രതികരിച്ചത്.

ബ്യൂട്ടി പ്രഫഷണൽസിന് സ്മാർട്ട്‌ഫോണിലൂടെ ബിസിനസ് വളർത്താനുള്ള സമഗ്ര ഐടി സൊല്യൂഷൻസ് വ്യോമോ അവതരിപ്പിക്കുന്നത്. സലുൺ, സ്പാ, ബ്യൂട്ടീഷ്യൻസ് എന്നിവർക്കായുള്ള ആപ്ലിക്കേഷൻ അടുത്തമാസം മുതൽ ലഭ്യമാകും. കസ്റ്റമർ ആപ്ലിക്കേഷൻ ജൂലൈയിലും അവതരിപ്പിക്കും. രാജ്യത്തെ ബ്യൂട്ടി ആൻഡ് വെൽനെസ് മേഖല 2013 ലെ 41,224 കോടിയിൽ നിന്ന് 2018 ൽ 80,370 കോടിയായി വർധിക്കുമെന്ന് ഓഡിറ്റിംഗ് സ്ഥാപനമായ കെപിഎംജി വിലയിരുത്തുന്നു.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ 10 ലക്ഷം സ്റ്റൈലിസ്റ്റുകളെ മൊബൈൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യോമോയുടെ സ്ഥാപകനും സിഇഒയുമായ അഭിനവ് ഖേര പറഞ്ഞു.