ഇന്റർനെറ്റിൽ ഏറ്റവും സ്വാധീനമുള്ള 30 പേരിൽ മോദിയും

Posted on: March 6, 2015

Modi-on-Twitter-big

ന്യൂയോർക്ക് : ഇന്റർനെറ്റിൽ ഏറ്റവും സ്വാധീനമുള്ള 30 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. അമേരിക്കയിലെ ടൈം മാഗസിൻ ആണ് പട്ടിക തയാറാക്കിയത്. സോഷ്യൽ മീഡിയയിലെ പിന്തുടരലുകൾ, വാർത്തകളിൽ നിറയാനുള്ള കഴിവ്, സൈറ്റ് ട്രാഫിക് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 30 വ്യക്തികളുടെ ലിസ്റ്റ് തയാറാക്കിയത്.

ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ 38 ദശലക്ഷം പേരാണ് മോദിയെ പിന്തുടരുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന നേതാവാണ് നരേന്ദ്ര മോദി. ഇന്ത്യയുടെ ഓൺലൈൻ പൗരൻമാരിലേക്ക് കടന്നു ചെല്ലാൻ സാമൂഹിക മാധ്യമങ്ങൾക്കുള്ള പങ്ക് മോദി തിരിച്ചറിയുന്നതായി ടൈംസ് മാഗസിൻ വിലയിരുത്തി.

ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്തിട്ടുള്ളതും ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നതുമായ ആഗോള നേതാവ് ബരാക് ഒബാമയാണ്. ഹാരിപോട്ടർ കഥകളുടെ രചയിതാവ് ജെ.കെ റൗവഌംഗ്, ഗായകരായ ടെയ്‌ലർ സ്വിഫ്റ്റ്, ബിയോൺസ്, റിയാലിറ്റി താരം കിം കാർദാഷിയൻ, ജസ്റ്റിൻ ബീബർ, നടി ഗെന്നത്ത് പാൽട്രോ, ചൈനീസ് നടി യാവോ ചെൻ, ഗായിക ഷക്കീറ, ഹ്യൂമൻസ് ഓഫ് ന്യൂയോർക്ക് ബ്ലോഗിലെ ഫോട്ടോഗ്രാഫർ ബ്രാൻഡ്‌സൺ സ്റ്റാൻടൺ, ടിവി ഫെയിം ജിമ്മി ഫാളൺ തുടങ്ങിയവരാണ് ലിസ്റ്റിലെ മറ്റു പ്രമുഖർ.