കോവിഡ് : അഞ്ച് ശതമാനം നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്പയുമായി കെഎസ്എഫ്ഇ

Posted on: May 17, 2021

തൃശൂര്‍ : കോവിഡ് രോഗബാധിതരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് കെഎസ്എഫ്ഇ പുതിയ സ്വര്‍ണവായ്പാ പദ്ധതി പ്രഖ്യാപിച്ചു.

സൗഖ്യ സ്വര്‍ണപ്പണയ വായ്പ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 2021 മാര്‍ച്ച് ഒന്നിനുശേഷം കോവിഡ് രോഗം ഭേദപ്പെട്ടവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ലക്ഷം രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ സ്വര്‍ണപണയ വായ്പ ലഭിക്കും.

കോവിഡിനെ അതിജീവിച്ച വ്യക്തി പ്രായപൂര്‍ത്തിയാവുകയും, റേഷന്‍ കാര്‍ഡില്‍ പേരുണ്ടാവുകയും ചെയ്താല്‍ ലോണ്‍ ലഭിക്കും. ആറുമാസത്തിനകം വായ്പ തിരിച്ചടച്ചാല്‍ മതിയാകും. കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ വായ്പ ലഭിക്കും.

കോവിഡ് ബാധിച്ച ഓരോ കുടുംബത്തെയും സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ ആശ്വാസം നല്‍കുന്നതിനാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ വി.പി.സുബ്രഹ്മണ്യന്‍ അറിയിച്ചു.

 

TAGS: KSFE |