സൗത്ത് ഇന്ത്യന്‍ ബാങ്ക് 240 കോടി രൂപ മൂല ധനസമാഹരണം നടത്തും

Posted on: February 27, 2021

തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ഗണന ഓഹരികളുടെ വിതരണത്തിലൂടെ 240 കോടി രൂപ സമാഹരിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികളായ എച്ച്.ഡി.എഫ്.സി. ലൈഫ്, കൊട്ടക് മഹീന്ദ്ര ലൈഫ്, എസ്.ബി.ഐ. ലൈഫ്, ഐ.സി.ഐ.സി.ഐ. ലൊംബാര്‍ഡ് ജനറല്‍ എന്നിവരില്‍ നിന്നാണ് മൂലധന സമാഹരണം നടത്തുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരികള്‍ 8.48 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ എച്ച്.ഡി.എഫ്.സി. ലൈഫ്, കൊട്ടക് മഹീന്ദ്ര ലൈഫ്, എസ്.ബി.ഐ. ലൈഫ് എന്നിവയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.23 ശതമാനം വീതം പങ്കാളിത്തമാകും. ഐ.സി.ഐ.സി.ഐ. ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിന് 0.85 ശതമാനവും.

ഇടപാടിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മാര്‍ച്ച് 23-ന് ചേരുന്ന അസാധാരണ പൊതുയോഗത്തില്‍ ഓഹരിയുടമകളുടെ അംഗീകാരം തേടും. ഓഹരികളുടെ വില്‍പ്പനയിലൂടെ 750 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് 2020 അവസാനം തന്നെ തീരുമാനിച്ചിരുന്നു. ഒന്നോ രണ്ടോ ഘട്ടങ്ങളിലായി 510 കോടി രൂപ കൂടി വൈകാതെ സമാഹരിക്കും.

ഐ.സി.ഐ.സി.ഐ. ബാങ്കില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന മുരളി രാമകൃഷ്ണന്‍ 2020 ഒക്ടോബറില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായി എത്തിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ബാങ്കിനെ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലെത്തിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.