കൊച്ചി-മംഗലൂരു ഗെയില്‍ പൈപ്പ് ലൈന്‍ 5-ന് സമര്‍പ്പിക്കും

Posted on: January 4, 2021

കൊച്ചി : ഗെയിലിന്റെ കൊച്ചി-മംഗളൂരുപ്രകൃതിവാതക പൈപ്പ് ലൈന്‍ ചൊവ്വാഴ്ച രാവിലെ 11-ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂയൂരപ്പ, കേന്ദ്ര എണ്ണ-പ്രകൃതിവാതക-സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്രപ്രഥാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചു.

12 എം.എം.എസ്. സി.എം.ഡി. വാതക നീക്ക ശേഷിയുള്ള, 450 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ് ലൈന്‍, കൊച്ചിയിലെ ലിക്വിഫൈഡ് പ്രകൃതി വാതക (എല്‍.എന്‍.ജി.) റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്നുള്ള വാതകം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വഴി മംഗലാപുരത്തെത്തും.

3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി വഴി പരിസ്ഥിതിക്ക് സൗഹൃദമായതും വില കുറഞ്ഞതുമായ പ്രകൃതിവാതകം (പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് -പി.എന്‍.ജി) വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും ലഭിക്കും. ഒപ്പം കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി.) വാഹനങ്ങള്‍ക്കും ലഭ്യമാകുമെന്ന് ഗെയില്‍ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ എം.വി. അയ്യര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലൂടെ 414 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ കടന്നുപോയത് പുഴകളടക്കമുള്ള നിരവധി ജലാശയങ്ങളിലൂടെയുമാണ്. ഇത്തരത്തില്‍ 100 ഇടങ്ങളിലെങ്കിലും നിര്‍മാണം വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം അറിയിച്ചു.

 

TAGS: Gail |