തെലുങ്കാനയിൽ 2,500 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

Posted on: December 15, 2014

M.A.Yusafali-CS-b-010714

തെലുങ്കാനയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു. അബുദാബിയിൽ തന്നെ സന്ദർശിച്ച തെലുങ്കാന ഗവൺമെന്റിന്റെ ഉന്നതതല സംഘത്തിനാണ് നിക്ഷേപം സംബന്ധിച്ച യൂസഫലി ഉറപ്പുനൽകിയത്.

തെലുങ്കാന ഐടി-പഞ്ചായത്ത് രാജ് മന്ത്രി കെ.ടി. രാമറാവു, ഇൻഡസ്ട്രീസ് കമ്മീഷ്ണർ ജയേഷ് രഞ്ജൻ, ചീഫ് സെക്രട്ടറി ഫോർ ഇൻഡസ്ട്രീസ് കെ. പ്രദീപ് ചന്ദ്ര അടങ്ങുന്ന ഉന്നതതല സംഘമാണ് എം. എ. യൂസഫലിയെ സന്ദർശിച്ചത്.

ഹൈദരബാദിൽ ഒരു ഷോപ്പിംഗ് മാൾ, പഴം-പച്ചക്കറി സംസ്‌കരണ യൂണിറ്റ്, സംയോജിത മാംസസംസ്‌കരണ ശാല എന്നിവ ലുലു ഗ്രൂപ്പ് സ്ഥാപിക്കും. നിക്ഷേപം സംബന്ധിച്ച് പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ ലുലു ഗ്രൂപ്പ് പ്രതിനിധികൾ അടുത്ത വർഷം സംസ്ഥാനം സന്ദർശിക്കുമെന്ന് തെലുങ്കാന ഗവൺമെന്റും സ്ഥിരീകരിച്ചു.