ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നു കെ.എം. മാണി

Posted on: December 10, 2014

K-M-Mani-Big-a

ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു നടത്തുന്ന ഇത്തരം വില്പനകൾ, കേന്ദ്ര നിയമങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ട രീതിയിലാണ്. റെഡിമെയ്ഡ് തുണിത്തരങ്ങളും ഡിസൈനർ തുണിത്തരങ്ങളും വിറ്റഴിക്കുന്നതിനു മിന്ത്ര, ജെബോംഗ്, ആമസോൺ, സ്‌നാപ്ഡീൽ, ഇ ബേ, ഫ്‌ളിപ്പ്കാർട്ട് തുടങ്ങിയ സൈറ്റുകൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഇതിൽ മിന്ത്ര വാറ്റ് രജിസ്‌ട്രേഷൻ എടുക്കുകയും 230.67 ലക്ഷം രൂപ (ജൂൺ മുതൽ ഒക്ടോബർ വരെ) നികുതി ഇനത്തിൽ സംസ്ഥാന ഖജനാവിലേക്ക് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ വ്യാപാരത്തിലൂടെയുള്ള നികുതി നഷ്ടം കണക്കാക്കാൻ വാണിജ്യ നികുതി ജോയിന്റ് കമ്മീഷണർ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

നിലവിൽ ഓൺലൈൻ വ്യാപാരങ്ങൾ തടയാനോ നിയന്ത്രിക്കാനോ ഫലപ്രദമായ നിയമം ഇല്ല. നിയമ നിർമാണം നടത്തേണ്ടതു കേന്ദ്രസർക്കാരാണ്. വിഷയം ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാരോടാവശ്യപ്പെടുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.