രാജ്‌നാഥ്‌സിംഗ്, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി എന്നിവർ പുതിയ മന്ത്രിസഭയിലും തുടരും

Posted on: May 30, 2019

ന്യൂഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകുന്നേരം ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പുതിയ മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ച നിയുക്തമന്ത്രിമാർ വൈകുന്നേരം നാലിന് പ്രധാനമന്ത്രിയുമായി  കൂടിക്കാഴ്ച നടത്തും. മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്ന് ആർക്കും ക്ഷണം ലഭിച്ചിട്ടില്ല. എൻഡിഎ ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം നൽകാനാണ് ധാരണയായിട്ടുള്ളത്.

കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന രാജ്‌നാഥ്‌സിംഗ്, രവിശങ്കർ പ്രസാദ്, സുഷമ സ്വരാജ്, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ എന്നിവർ പുതിയ മന്ത്രിസഭയിലും തുടരും. അരുൺ ജെയ്റ്റ്‌ലി മന്ത്രിസഭയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ കൊണ്ടുവരാൻ തിരക്കിട്ടശ്രമങ്ങൾ നടക്കുന്നുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ ചേരില്ലെന്ന് ഏറെക്കുറെ വ്യക്തമായി. പ്രകാശ് ജാവദേക്കറിന് മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി ഇന്നു രാവിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിലും അടൽ ബിഹാരി വാജ്‌പേയിയുടെ സ്മൃതി കുടീരത്തിലും ദേശീയ യുദ്ധസ്മാരകത്തിലും പ്രണാമമർപ്പിച്ചു. വിദേശരാഷ് ട്രത്തലവൻമാർ ഉൾപ്പടെ 6000 ലേറെപ്പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങിന് എത്തിച്ചേരുന്നത്.