സ്‌നാപ്ഡീലിൽ 3,762 കോടിയുടെ സോഫ്റ്റ്ബാങ്ക് നിക്ഷേപം

Posted on: October 28, 2014

Snapdeal-homepage-big

സ്‌നാപ് ഡീലിൽ, ജപ്പാനിലെ ടെലികോം-ഇന്റർനെറ്റ് ഭീമൻ സോഫ്റ്റ്ബാങ്ക് 627 മില്യൺ ഡോളറിന്റെ (3,762 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. രാജ്യത്തെ ഇ കൊമേഴ്‌സ് മേഖലയിലുണ്ടായ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇതോടെ സോഫ്റ്റ് ബാങ്ക്, സ്‌നാപ്ഡീലിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി. സോഫ്റ്റ് ബാങ്ക് വൈസ് ചെയർമാൻ നികേഷ് അറോറ സ്‌നാപ്ഡീൽ ഡയറക്ടർ ബോർഡ് അംഗമാകും. ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയിൽ സോഫ്റ്റ്ബാങ്കിന് 37 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.

വിതരണശൃംഖല, മൊബൈൽ കൊമേഴ്‌സ് തുടങ്ങിയ മേഖലകൾക്കു വേണ്ടിയാകും പുതിയ നിക്ഷേപം സ്‌നാപ്ഡീൽ പ്രയോജനപ്പെടുത്തുന്നത്. കുനാൽ ബാഹലും രോഹിത് ബൻസാലും ചേർന്ന് 2010 ൽ ആരംഭിച്ച സ്‌നാപ്ഡീലിന് 25 ദശലക്ഷം രജിസ്റ്റേർഡ് ഇടപാടുകാരും 50,000 ലേറെ വില്പനക്കാരുമുണ്ട്. 2013-14 ൽ സ്‌നാപ്ഡീൽ 600 ശതമാനം ബിസിനസ് വളർച്ച രേഖപ്പെടുത്തിയിരുന്നു.

സോഫ്റ്റ്ബാങ്ക് ചെയർമാൻ മസായോഷി സൺ രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് സോഫ്റ്റ്ബാങ്ക് കോർപറേഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെലികമ്യൂണിക്കേഷൻസ് മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരുമായി സോഫ്റ്റ്ബാങ്ക് ചെയർമാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇ-ബേ, കലാരി കാപ്പിറ്റൽ, നെക്‌സസ് വെഞ്ചർ, ബെസ്‌മെർ വെഞ്ചർ പാർട്‌ണേഴ്‌സ്, ഇന്റൽ കാപ്പിറ്റൽ, സാമാ കാപ്പിറ്റൽ, ടെമസെക്, ബ്ലാക്ക് റോക്ക് ഇൻ, മൈറെയ്ഡ്, പ്രേംജി ഇൻവെസ്റ്റ്, ടൈബേൺ, ഇൻഡോയുഎസ് വെഞ്ചർ പാർട്‌ണേഴ്‌സ് എന്നിവരാണ് സ്‌നാപഡീലിലെ മുഖ്യ നിക്ഷേപകർ. രത്തൻ ടാറ്റായും സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.