ഉത്സവ കാലത്ത് വാഹന വില്പനയിൽ വൻ ഇടിവ്

Posted on: November 25, 2018

കൊച്ചി : ഉത്സവ കാലത്ത് വാഹന വില്പനയിൽ ഇടിവുണ്ടായെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ. ഇത്രയേറെ നിർജീവമായ ഉത്സവ സീസൺ ഉണ്ടായിട്ടില്ലെന്ന് ഫെഡറേഷൻ പ്രസിഡന്റ് ആഷിഷ് ഹർഷരാജ് കാലേ പറഞ്ഞു.

നവരാത്രി, ദീപാവലിക്കാലത്ത് ഇരു ചക്ര വാഹനങ്ങൾ, യാത്രാ വാഹനങ്ങൾ എന്നിവയുടെ വില്പനയിലാണ് വൻ ഇടിവുണ്ടായത്. വിപരീതമായ നിരവധി ഘടകങ്ങൾ വന്നത് ഉപഭോക്താക്കളുടെ ചിന്താഗതിയെ മാറ്റുകയും വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനങ്ങൾ നീട്ടിവെക്കാനിടയാക്കി. സ്ഥിതിഏറെ ആശങ്കയുണ്ടാക്കുന്നതായും അദേഹം പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പന മികച്ച നിലയിൽ ഉയരുന്നുണ്ട്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങൾ എല്ലാ മേഖലകളേയും, പ്രത്യേകിച്ച് ഇരുചക്ര, വാണിജ്യ വാഹന മേഖലകളെ ബാധിച്ചിട്ടുണ്ട്. ദീപാവലിക്കാലത്തും തുടർന്നും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വളരെ കരുതലോടെയുള്ള നീക്കങ്ങളാണു നടത്തിയത്. ലിക്വിഡിറ്റി സംബന്ധിച്ച് റിസർവ് ബാങ്കും സർക്കാരും അടുത്തിടെ നടത്തിയ നീക്കങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ ഈ മേഖലയ്ക്കു നൽകുന്ന പിന്തുണ തുടരാനിടയാക്കും എന്നാണ് ഫെഡറേഷൻ കരുതുന്നത്. വാഹന മേഖലയ്ക്കായുള്ള പണമൊഴുക്കു കൂടുതൽ വർധിപ്പിക്കണമെന്നും ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഉത്സവ കാലത്തെ 42 ദിവസങ്ങളിൽ ആകെ വാഹന രജിസ്‌ട്രേഷന്റെ കാര്യത്തിൽ വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം ഇടിവാണുണ്ടായത്. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ 13 ശതമാനവും യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ 14 ശതമാനവുമായിരുന്നു ഇടിവ്. അതേസമയം ത്രിചക്ര വാഹനങ്ങളുടെ കാര്യത്തിൽ പത്തു ശതമാനവും വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ 16 ശതമാനവും വളർച്ചയും രേഖപ്പെടുത്തി.

നടപ്പു സാമ്പത്തിക വർഷത്തിൽ നവംബർ 20 വരെ ആകെ വാഹന രജിസ്‌ട്രേഷനില് ആറു ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇരുചക്ര വാഹന മേഖലയിൽ അഞ്ചു ശതമാനവും ത്രിചക്ര വാഹന മേഖലയിൽ 53 ശതമാനവും വാണിജ്യ വാഹന മേഖലയിൽ 30 ശതമാനവും വർധനവുണ്ടായപ്പോൾ യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ ഇതേ കാലയളവിൽ ഒരു ശതമാനത്തിലേറെ ഇടിവാണുണ്ടായത്.