മാര്‍ച്ചോടെ പകുതിയോളം എ ടി എമ്മുകള്‍ പൂട്ടിയേക്കും

Posted on: November 22, 2018

കൊച്ചി : രാജ്യത്തെ 1.13 ലക്ഷത്തോളം എ ടി എമ്മുകളുടെ പ്രവര്‍ത്തനം 2019 മാര്‍ച്ചോടെ നിര്‍ത്തലാക്കാന്‍ എ ടി എം സേവന ദാതാക്കള്‍ ഒരുങ്ങുന്നു. രാജ്യത്ത് നിലവിലുള്ള എ ടി എമമ്മുകളുടെ ഏതാണ്ട് പകുതി വരുമിത്. ഒരു ലക്ഷത്തോളം ഓഫ് സെറ്റ് എ ടി എമ്മുകളും 15,000 ത്തിനു മേല്‍ വൈറ്റ് ലേബല്‍ എ ടി എമ്മുകളും ഉള്‍പ്പെടെയായിരിക്കു ഇത്. രാജ്യത്ത് നിലവില്‍ 2.38 ലക്ഷം എ ടി എമ്മുകളാണുണ്ടെന്നാണ് കണക്ക്.

എ ടി എമ്മുകളുടെ സുരക്ഷ സംബന്ധിച്ചും ഹാര്‍ഡ്‌വേറുകള്‍, സോഫ്റ്റ്‌വേറുകള്‍ എന്നിവ സംബന്ധിച്ചും അടുത്തിടെ ഉണ്ടായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വലിയ ചെലവ് വേണ്ടിവരും. ഇത് താങ്ങാനാകാത്തതിനാലാണ് എ ടി എമ്മുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുനതെന്ന് ആഭ്യന്തര എ ടി എം സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എ ടി എം ഇന്‍ഡസ്ട്രി (സി എ ടി എം ഐ) പറഞ്ഞു.

പണം കൈകാര്യം ചെയ്യുന്ന നിലവാരം, പണം നിറക്കുന്ന സംവിധാനം എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ നിബന്ധനകള്‍ തങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല. ഈ ചെലവുകള്‍ ബാങ്കുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ പ്രവര്‍ത്തനം നിലനിര്‍ത്താമെന്നാണ് അവര്‍ പറയുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് പണലഭ്യത കുറഞ്ഞതുമൂലം വന്‍ നഷ്ടമാണ് ഈ മേഖല നേരിട്ടതെന്ന് സി എ ടി എം ഐ ആരോപിച്ചു. പുതിയ കറന്‍സി നോട്ടുകളെത്തിയതിലൂടെ 3,500 കോടി രൂപയുടെ അധിക ചെലവു വരുമെന്നാണ് സി എ ടി എം ഐ കണക്കാക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിലൂടെയും കാസറ്റുകളിലെയും മാറ്റങ്ങളാണ് ഇതിന് കാരണം.

ബാങ്കുകളുമായുള്ള കരാര്‍ ഒപ്പിടുന്ന വേളയില്‍ ഇത്തരം ആവശ്യങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ കുറഞ്ഞ തോതിലുള്ള എ ടി എം ഇന്റര്‍ ചെയ്ഞ്ച് ഫീസും നിരന്തരം വര്‍ധിക്കുന്ന ചെലവുകളും മൂലം എ ടി എം സേവനം ലഭ്യമാക്കുന്നതില്‍ നിന്നുള്ള വരുമാനം ഒരിക്കലും ഉയരുന്നില്ലെന്നും സി എ ടി എം ഐ ആരോപിച്ചു.

TAGS: ATM | ATM Industry |