പ്രത്യക്ഷനികുതി വരുമാനത്തില്‍ വര്‍ധന

Posted on: October 6, 2018

ന്യൂഡല്‍ഹി : രാജ്യത്തെ പ്രത്യക്ഷനികുതി വരുമാനത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 16.7 ശതമാനം വര്‍ധന. ആറു മാസംകൊണ്ട് 5.47 ലക്ഷം കോടി രൂപയായാണ് നേരിട്ടുള്ള നികുതി വരുമാനം ഉയര്‍ന്നത്. ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഇതില്‍ നിന്ന് 1.03 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകളാണ് ഈ കാലയളവില്‍ അനുവദിച്ചത്. റീഫണ്ടിന് ശേഷമുള്ള മൊത്തം നികുതി വരുമാനത്തില്‍ 14 ശതമാനമാണ് വര്‍ധന. ഇത് ഏപ്രില്‍ 2018 മുതല്‍ സെപ്റ്റംബര്‍ 2018 വരെ 4.44 ലക്ഷം കോടി രൂപയാണ്. ഇതുവരെയുള്ള മൊത്ത പ്രത്യക്ഷനികുതി വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ 38.6 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷം 11.50 ലക്ഷം രൂപയാണ് പ്രത്യക്ഷനികുതി വരുമാനത്തിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

കോര്‍പ്പറേറ്റ് ആദായനികുതി, വ്യക്തിഗത ആദായനികുതി എന്നിവയില്‍ നിന്നുള്ള വരുമാനത്തിലും ഏപ്രില്‍ – സെപ്റ്റംബര്‍ കാലയളവില്‍ വര്‍ധനയുണ്ട്. 19 ശതമാനമാണ് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നികുതികളിലെ വര്‍ധന.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്  (സി ബി ഡി ടി) 2.10 ലക്ഷം കോടി രൂപ മുന്‍കൂര്‍ നികുതിയായി പിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.7 ശതമാനമാണ് മുന്‍കൂര്‍ നികുതിപിരിവിലെ വര്‍ധന. മുന്‍കൂറായി അടയ്ക്കുന്ന കോര്‍പ്പറേറ്റ് നികുതി 16.4 ശതമാനവും വ്യക്തിഗത ആദായനികുതി 30.3 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.