നികുതിവരുമാനം ലക്ഷ്യം നേടുമെന്ന് റവന്യുസെക്രട്ടറി

Posted on: February 10, 2016

Tax-blue-Big-a

ന്യൂഡൽഹി : നടപ്പുധനകാര്യവർഷം രാജ്യത്തിന്റെ നികുതി വരുമാനം ലക്ഷ്യം നേടുമെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അഥിയ പറഞ്ഞു. പരോക്ഷ നികുതി വരുമാനത്തിലുണ്ടായ വർധനയാണ് പ്രത്യക്ഷ നികുതി വരുമാനത്തിലുണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ ഇടയാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും നികുതി വരുമാനം ലക്ഷ്യം പുനർ നിർണയിക്കേണ്ടി വന്നു. എന്നാൽ 2015-16 ധനകാര്യവർഷത്തിലെ വരുമാന ലക്ഷ്യമായ 14.49 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്ന് ഹസ്മുഖ് അഥിയ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

പ്രത്യക്ഷ നികുതി (കോർപറേറ്റ് ടാക്‌സ് – ഇൻകംടാക്‌സ്) ഇനത്തിൽ 7.97 ലക്ഷം കോടി രൂപയും പരോക്ഷ നികതി ( കസ്റ്റംസ്, എക്‌സൈസ്, സർവീസ് ടാക്‌സ്) ഇനത്തിൽ 6.47 ലക്ഷം കോടിയും ഉൾപ്പടെ 14.49 ലക്ഷം കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ലക്ഷ്യത്തിന്റെ 73.5 ശതമാനം ഇതേവരെ സമാഹരിക്കാനായി. പരോക്ഷ നികുതിയിൽ 40,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ മാർച്ച് 31 ന് ലക്ഷ്യം നേടാനാകുമെന്ന് അദേഹം പറഞ്ഞു.

2014-15 ൽ 13.64 ലക്ഷം കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടത്. ലക്ഷ്യം പിന്നീട് 12.51 ലക്ഷം കോടി രൂപയായി പുനർനിർണയിച്ചു. 2013-14 ൽ 12.35 ലക്ഷം കോടിയായിരുന്നു നികുതി വരുമാനം പ്രതീക്ഷിച്ചിരുന്നത്. വരുമാന ലക്ഷ്യം 11.58 ലക്ഷം കോടിയായി കുറവു വരുത്തി.