ഉത്പന്ന അവധിവ്യാപാരം സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളിലേക്ക് മാറുന്നു

Posted on: December 29, 2017

മുംബൈ : ഉത്പന്ന അവധിവ്യാപാരം സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകൾ വഴിയാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അനുമതി നൽകി. 2018 ഒക് ടോബർ മുതൽ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചും നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചും വഴി കമ്മോഡിറ്റി വ്യാപാരം തുടങ്ങും. സെബിയുടെ പുതിയ തീരുമാനം അവധിവ്യാപാരം കൂടുതൽ സുതാര്യവും വ്യാപകവുമാക്കാൻ ഉപകരിക്കും.

ഫോർവേഡ് മാർക്കറ്റ്‌സ് കമ്മീഷൻ 2015 ൽ സെബിയിൽ ലയിച്ചതുമുതൽ സെബിയാണ് അവധിവ്യാപാര വിപണിയെ നിയന്ത്രിക്കുന്നത്. നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ച് (എൻസിഡിഇഎക്‌സ്), മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്‌സ്) തുടങ്ങിയ എക്‌സ്‌ചേഞ്ചുകൾ വഴിയാണ് ഇപ്പോൾ ഉത്പന്ന അവധി വ്യാപാരം നടക്കുന്നത്. വിപണി ഏകീകരണം വരുന്നതോടെ ഓഹരിവ്യാപാരവും അവധിവ്യാപാരവും ഒരേ എക്‌സ്‌ചേഞ്ചുകളുടെ ഭാഗമാകും.