തിളക്കമില്ലാതെ സ്വർണവിപണി

Posted on: August 12, 2014
Nitin-C-Nachnani

നിധിൻ നച്ചാണി

തുടർച്ചയായ ആറ് ആഴ്ച ഉയർന്നതിനു ശേഷം തുടർച്ചയായി മൂന്നാഴ്ചയായി സ്വർണ വില ഇടിയുന്നതാണു കാണാനായത്. വിലയിടിവിനു വഴി വച്ച നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ തന്നെയോ പിന്നീടോ ഉയർത്തുമെന്ന് മിക്കവാറും നിക്ഷേപകർ ചിന്തിച്ചതായിരുന്നു ശക്തമായ ഘടകം.

തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പുറത്തു വന്ന കണക്കുകൾ തിരിച്ചു വരവിന്റെ ഗതിയെക്കുറിച്ചു സംശയങ്ങൾ ഉയർത്തിയതും സ്വർണ വിപണിയുടെ ഉയർച്ചയ്ക്കു സഹായിച്ചു. സാമ്പത്തിക വളർച്ചയേയും വേതന വർധനവിനേയും കുറിച്ച് കഴിഞ്ഞ ആഴ്ച ആദ്യം സെൻട്രൽ ബാങ്ക് പുറത്തു വിട്ട കണക്കുകൾ ശക്തമാകുന്ന ഡോളറിനെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു ഉയർത്തിയത്.

ഉക്രൈനിലും മധ്യേഷ്യയിലും ഉണ്ടായ സംഭവ വികാസങ്ങളും സ്വർണത്തിന് അൽപ്പം മെച്ചപ്പെട്ട നില നൽകാൻ വഴിയൊരുക്കിയ ചില ഘടകങ്ങളായിരുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ ഇതു വീക്ഷിക്കപ്പെടാനുള്ള സാധ്യതയും ഒരുങ്ങി. എന്നാൽ ഏഷ്യൻ വാങ്ങലുകാരുടെ കുറവും ഉത്പന്ന മേഖലയിൽ മൊത്തത്തിലുള്ള ആലസ്യവും സ്വർണ വില വരും മാസത്തിൽ മെച്ചപ്പെടുന്നതിനു തടസമായേക്കുമെന്ന് ജിയോജിത് കോംട്രേഡ് റിസർച്ച് അനലിസ്റ്റായ നിധിൻ നച്ചാണി അഭിപ്രായപ്പെട്ടു.

സ്വർണ വില 2014 ൽ ഇതുവരെ 7.4 ശതമാനം ഉയർച്ചയിലാണ്. എങ്കിൽ തന്നെയും മൂന്നു വർഷം മുൻപുള്ള റെക്കോർഡ് ഉയർച്ചയായ ഒൺസിന് 1920 ഡോളർ എന്നതിൽ നിന്ന മൂന്നിലൊന്നു താഴെയുമാണ്. രാഷ്ട്രീയ ആശങ്കകൾക്കിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള ഡിമാൻഡ് ഹൃസ്വകാലത്തേക്കു മാത്രമായിരിക്കും ഉണ്ടാകുക.

ഏഷ്യയിൽ നിന്നുള്ള ഡിമാൻഡ് ഇപ്പോഴത്തെ വിലകളിൽ പിന്തുണ നൽകുമെന്നു തന്നെയാണ് പ്രതീക്ഷ. ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുന്നതും പ്രസക്തമാണ്. എന്നാൽ സർക്കാർ നയങ്ങൾ ഇതിനെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. റിസർവ് ബാങ്ക് നയങ്ങളും ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ വാങ്ങൽ നടക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഡിമാൻഡിനെ ബാധിച്ചേക്കുമെന്ന് നിധിൻ നച്ചാണി പറഞ്ഞു.

തയാറാക്കിയത് : നിധിൻ നച്ചാണി (റിസർച്ച് അനലിസ്റ്റ്, ജിയോജിത് കോംട്രേഡ്)