എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ബേഡ് ഗ്രൂപ്പ് രംഗത്ത്

Posted on: August 30, 2017

ന്യൂഡൽഹി : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഗുർഗാവ് ആസ്ഥാനമായി ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്ന ബേഡ് ഗ്രൂപ്പ് രംഗത്ത്. 1971 ൽ ആരംഭിച്ച ബേഡ് ഗ്രൂപ്പ് ഹോട്ടൽ, ട്രാവൽ ടെക്‌നോളജി, ഏവിയേഷൻ, ലക്ഷ്വറി റീട്ടെയ്ൽ, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുണ്ട്. ബേഡ് ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ഏവിയേഷൻ സെക്രട്ടറി ആർ. എൻ. ചൗബേയാണ് വെളിപ്പെടുത്തിയത്.

നേരത്തെ ഇൻഡിഗോ, എയർ ഇന്ത്യ ഓഹരികൾ വാങ്ങാൻ മുന്നോട്ട് വന്നതായി ചൗബേ വ്യക്തമാക്കിയിരുന്നു. എയർ ഇന്ത്യ സ്വകാര്യവത്കരിക്കുമ്പോൾ മുതൽമുടക്കാൻ ടാറ്റാ ഗ്രൂപ്പിനും താത്പര്യമുണ്ട്. വിദേശ വിമാനക്കമ്പനികൾക്ക് ഓഹരിവിൽക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ഇന്ത്യൻ സംരംഭകർക്കായിരിക്കും മുൻഗണന. എന്നാൽ എയർ ഇന്ത്യയുടെ 20,000 കോടിയിൽപ്പരം രൂപയുടെ കടബാധ്യതകൾ ഏറ്റെടുക്കാൻ ഇവരാരും തയാറല്ല.