മൈക്രോമാക്‌സ് ചൈനയിലേക്ക്

Posted on: June 3, 2016

Micromax-world-Big

ന്യൂഡൽഹി : ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ മൈക്രോമാക്‌സ് ചൈനീസ് വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. മൈക്രോമാക്‌സ് ഉത്പന്നങ്ങൾ ചൈനയിൽ വിൽക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ 2020 ൽ ഈ നേട്ടം കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലെനോവോ, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാൻഡുകളിൽ നിന്നുള്ള മത്സരം കടുത്തതാണ്. മുൻനിര ബ്രാൻഡുകളായ സാംസംഗും ആപ്പിളും ഈ വെല്ലുവിളി നേരിടുന്നുണ്ട്.

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലിബാബ കഴിഞ്ഞവർഷം മൈക്രോമാക്‌സിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മൂല്യനിർണയം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാൽ ഇരുകൂട്ടരും പിന്തിരിയുകയായിരുന്നു. മൈക്രോമാക്‌സ് 2015-16 ൽ 12,000 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു. നടപ്പുവർഷം 15,000 കോടി രൂപ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.