എയർഇന്ത്യയുടെ 49 ശതമാനം ഓഹരിവിറ്റഴിച്ചേക്കും

Posted on: March 23, 2016

AirIndia-B-787-Dreamliner-B

ന്യൂഡൽഹി : എയർഇന്ത്യയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ ലക്ഷ്യമിട്ട് 49 ശതമാനം ഓഹരിവിൽക്കാൻ കേന്ദ്രഗവൺമെന്റ് ഒരുങ്ങുന്നു. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചേക്കുമെന്ന് വാർത്താ എജൻസിയായ ന്യൂസ്‌റൈസ് ഫിനാൻഷ്യൽ റിപ്പോർട്ട് ചെയ്തു. ധനകാര്യമന്ത്രാലയം, സിവിൽ വ്യോമയാനമന്ത്രാലയം, കാബിനറ്റ് സെക്രട്ടറിയേറ്റ്, എയർഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമിതിയിലുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനക്കമ്പനിയായ എയർഇന്ത്യ നടപ്പുധനകാര്യവർഷം പ്രവർത്തനലാഭം നേടുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2007 ൽ എയർഇന്ത്യയും ഇന്ത്യൻ എയർലൈൻസും തമ്മിൽ ലയിച്ച ശേഷം ആദ്യമായാണ് എയർഇന്ത്യ ലാഭപാതയിലേക്ക് എത്തുന്നത്. സ്വകാര്യമേഖലയിൽ നിന്നുള്ള കടുത്തമത്സരം മൂലം എയർഇന്ത്യയുടെ വിപണിവിഹിതം ഓരോവർഷവും ചുരുങ്ങിവരികയാണ്. 120 രാജ്യാന്തര ഫ്‌ളൈറ്റുകൾ ഉൾപ്പടെ 370 പ്രതിദിന സർവീസുകളാണ് എയർഇന്ത്യ നടത്തിവരുന്നത്. ഇവയിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ലാഭകരമായിട്ടുള്ളത്.

എയർഇന്ത്യയുടെ നഷ്ടം നികത്താനായി 2012 ൽ കേന്ദ്ര സർക്കാർ 30,231 കോടി രൂപയുടെ പാക്കേജിന് രൂപം നൽകിയിരുന്നു. എയർഇന്ത്യയുടെ നിഷ്‌ക്രിയ ആസ്തികളിൽ നിന്ന് 5000 കോടി രൂപ സമാഹരിക്കാൻ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷനുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.