വെജിറ്റേറിയൻ ഭക്ഷണം : എയർ ഇന്ത്യ തീരുമാനം വിവാദത്തിലേക്ക്

Posted on: December 27, 2015

 

Air-India-Inflight-Meals-Bi

മുംബൈ : ഒന്നര മണിക്കൂർ വരെ യാത്ര ദൂരമുള്ള ഫ്‌ളൈറ്റുകളിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പാനുള്ള എയർ ഇന്ത്യ മാനേജ്‌മെന്റിന്റെ തീരുമാനം വിവാദത്തിലേക്ക്. ജമ്മു കാഷ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഡോ. ഒമാർ അബ്ദുള്ള ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ജീവിതത്തിന്റെ നാനതുറകളിലുള്ളവർ എയർ ഇന്ത്യ തീരുമാനത്തെ അപലപിച്ചിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനം പ്രഖ്യാപിക്കും മുമ്പ് എയർ ഇന്ത്യ യാത്രക്കാർക്കിടയിൽ സർവേ നടത്തണമായിരുന്നുവെന്നാണ് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവരുടെ അഭിപ്രായം.

ജനുവരി ഒന്നു മുതൽ ആഭ്യന്തര സെക്ടറിൽ 61 മിനിട്ട് മുതൽ 90 മിനിട്ട് വരെ യാത്ര ദൂരമുള്ള വിമാനങ്ങളിലെ ഇക്‌ണോമി ക്ലാസിൽ ഇന്ത്യൻ വെജിറ്റേറിയൻ ഹോട്ട് മീൽസ് വിതരണം ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. കൂടാതെ ലഞ്ചിനും ഡിന്നറിനും ഒപ്പം ഇനി ചായയും കാപ്പിയും ലഭിക്കുകയില്ല. നിലവിൽ വെജിറ്റേറിയൻ / നോൺ വെജിറ്റേറിയൻ സാൻഡ് വിച്ചുകളും കേക്കുമാണ് ഹൃസ്വദൂര ഫ്‌ളൈറ്റുകളിൽ എയർ ഇന്ത്യ വിളമ്പുന്നത്.