മലേഷ്യയിലെ ആദ്യ ലുലു ഹൈപ്പർ ഫെബ്രുവരിയിൽ

Posted on: November 24, 2015

M-A-Yusuf-Ali-with-Modi-and

ക്വലലംപൂർ : മലേഷ്യയിലെ ആദ്യ ലുലുഹൈപ്പർമാർക്കറ്റ് അടുത്തവർഷം ഫെബ്രുവരി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ജലാൻ മുൻഷി അബ്ദുള്ളയിലാണ് ആദ്യ ഹൈപ്പർ തുറക്കുന്നത്. മലേഷ്യയിൽ 10 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ഇതിനായി 300 മില്യൺ ഡോളർ (19,80 കോടി രൂപ) ലുലു ഗ്രൂപ്പ് മുതൽമുടക്കും. 5,000 ത്തോളം മലേഷ്യക്കാർക്ക് തൊഴിൽ ലഭിക്കും.

ക്വലലംപൂരിന് പുറമെ കലാന്താൻ, കോടബാരു, ഷാ ആലം, ഇപ്പോഹ്, മലാക്കാ, പെനാംഗ്, കൗലാ ട്രിംഗാനു എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ നിർമാണം 60 ശതമാനം പൂർത്തിയായി. മറ്റു സ്ഥലങ്ങളിൽ ഹൈപ്പർ തുടങ്ങാനുള്ള സ്ഥലത്തിനായി മലേഷ്യയിലെ ഫെഡറൽ ലാൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടിയുമായി ചർച്ചനടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മിഡിൽഈസ്റ്റിലും ഇന്ത്യയിലുമായി 118 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി നജീബ് അബ്ദുൾ റസാക്ക് നൽകിയ വിരുന്നിൽ പങ്കെടുത്ത എം എ യൂസഫലി മലേഷ്യയിലെ നിക്ഷേപം സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരുമായി ചർച്ചനടത്തി. മലേഷ്യൻ പ്രധാനമന്ത്രി നജീബ് അബ്ദുൾ റസാക്ക് കഴിഞ്ഞവർഷം യുഎഇ സന്ദർശിച്ചപ്പോൾ അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചിരുന്നു.