എയർഇന്ത്യ 64 ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു

Posted on: August 4, 2014

Air-India-hub-B

നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 64 ഓഫീസുകൾ ഒക്ടോബർ മുതൽ അടച്ചുപൂട്ടും. ടിക്കറ്റിംഗ്, കാൻസലേഷൻ, റീഫണ്ട് എന്നിവ ഓൺലൈനായതോടെ സിറ്റി ഓഫീസുകൾ വരുത്തിവയ്ക്കുന്ന അധികബാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വാടകയിനത്തിൽ പ്രതിവർഷം 18 കോടി രൂപയാണ് ഇതിലൂടെ ലാഭിക്കാനാവുക. ആദ്യപടിയായി മധുരയിലെ സിറ്റി ഓഫീസിന്റെ പ്രവർത്തനം എയർ ഇന്ത്യ അവസാനിപ്പിച്ചു.

ഇതോടൊപ്പം അന്താരാഷ്ട്രതലത്തിൽ 46 ഡെസ്റ്റിനേഷനുകളിൽ പ്രവർത്തിക്കുന്ന എയർഇന്ത്യ ഓഫീസുകളുടെ ആവശ്യകതയും പുനരവലോകനം ചെയ്യും. 170 ജീവനക്കാരാണ് ഇന്റർനാഷണൽ ഓഫീസുകളിലുള്ളത്. ഇന്റർനാഷണൽ ഓഫീസുകൾ പ്രവർത്തിക്കുന്ന നിരവധി ഡെസ്റ്റിനേഷനുകളിലേക്കു എയർഇന്ത്യ ഡയറക്ട് സർവീസ് ഇല്ലെന്നുള്ളതാണ് രസകരം. പലയിടത്തും ജനറൽ സെയിൽസ് ഏജൻസികളെയും നിയോഗിച്ചിട്ടുണ്ടെന്നുളളത് മറ്റൊരുകാര്യം.

2014 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷം 5,400 കോടി രൂപയാണ് എയർഇന്ത്യയുടെ നഷ്ടം. ഉയർന്ന പ്രവർത്തനച്ചെലവാണ് എയർഇന്ത്യയുടെ നഷ്ടം അടിക്കടി വർധിപ്പിക്കുന്നത്. ഡൽഹി-സിഡ്‌നി, ഡൽഹി-മിലാൻ ഉൾപ്പടെ ആറ് അന്താരാഷ്ട്ര റൂട്ടുകളുൾപ്പടെ 19 റൂട്ടുകൾ എയർഇന്ത്യയ്ക്ക് ബാധ്യതയായി മാറിയിട്ടുണ്ട്.