ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 500 മില്യൺ ഡോളർ മുതൽമുടക്കും

Posted on: September 15, 2015

Yusuf-Ali-M-A-may-2015-Big

അബുദാബി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 500 മില്യൺ ഡോളർ (3,320 കോടി രൂപ) മുതൽമുടക്കുന്നു. ആദ്യഘട്ടത്തിൽ 300 മില്യൺ ഡോളർ നിക്ഷേപിക്കും. ലുലു ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റ് ഈ വർഷം അവസാനത്തോടെ ഇന്തോനേഷ്യയിൽ പ്രവർത്തനമാരംഭിക്കും. ജക്കാർത്തയ്ക്ക് പുറമെ ബന്ദൂംഗ്, സോളോ, സെമാരാംഗ്, സുരബായ, യോഗ്യകർത്ത എന്നീ നഗരങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുറക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 200 മില്യൺ ഡോളർ കൂടി മുതൽമുടക്കും.

2017 അവസാനമാകുമ്പോഴേക്കും 15 ഹൈപ്പർമാർക്കറ്റുകൾ തുറക്കുയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. കൂടാതെ ജക്കാർത്തയിൽ സെൻട്രൽ ലോജിസ്റ്റിക്‌സ് സംവിധാനവും വെയർഹൗസ് സൗകര്യങ്ങളും സ്ഥാപിക്കും. ഇന്തോനേഷ്യയിലെ കാർഷികമേഖലയ്ക്ക് പിന്തുണ നൽകി കോൺട്രാക്ട് ഫാമിംഗ് ആരംഭിക്കും. ലുലു ഗ്രൂപ്പിന്റെ കടന്നുവരവ് ഇന്തോനേഷ്യയിൽ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു.

യുഎഇ, ഒമാൻ, ബഹ്‌റിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യെമൻ, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി 117 ഹൈപ്പർമാർക്കറ്റുകൾ ലുലു ഗ്രൂപ്പിനുണ്ട്. മലേഷ്യയിൽ 10 ഹൈപ്പർ മാർക്കറ്റുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.