യൂണിനോറിന് 1200 കോടിയുടെ നവീകരണ പദ്ധതി

Posted on: August 13, 2015

Uninor-Big

ന്യൂഡൽഹി : ടെലികോം കമ്പനിയായ യൂണിനോർ ആറ് സർക്കിളുകളിലെ ടെലികോം ശൃംഖല നവീകരിക്കാൻ 1200 കോടി രൂപ മുതൽമുടക്കും. ഇതു സംബന്ധിച്ച് ചൈനീസ് ടെലികോം ഉപകരണനിർമാതാക്കളായ ഹുവെയ്‌യുമായി ധാരണയിലെത്തി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ യൂണിനോറിന്റെ 24,000 ബേസ് സ്‌റ്റേഷനുകളിൽ അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ ഹുവെയ് സ്ഥാപിക്കും. ഇന്റർനെറ്റ്, 4ജി സേവനങ്ങൾ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നെറ്റ്‌വർക്ക് നവീകരണ പദ്ധതിയെന്ന് സിഇഒ വിവേക് സൂദ് പറഞ്ഞു.

നവീകരണം പൂർത്തിയാകുന്നതോടെ മികച്ച ശബ്ദ, ഡാറ്റാ നിലവാരവും കുറഞ്ഞ ഊർജ്ജോപയോഗവും സാധ്യമാകുമെന്ന് ഹുവെയ് വൈസ്പ്രസിഡന്റ് ബേക്കർ ഹൗവു പറഞ്ഞു. നോർവേയിലെ ടെലിനോർ ഗ്രൂപ്പിന്റെ ഭാഗമായ യൂണിനോർ ഉത്തർപ്രദേശ് (വെസ്റ്റ്, ഈസ്റ്റ്), ബീഹാർ (ജാർഖണ്ഡ് ഉൾപ്പടെ), ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സർക്കിളുകളിലാണ് മൊബൈൽ സർവീസ് നൽകുന്നത്.