സുഗന്ധവ്യഞ്ജന കയറ്റുമതി 14,899 കോടി കവിഞ്ഞു

Posted on: June 15, 2015

Red-Chillies-big

കൊച്ചി : ഇന്ത്യയിൽ നിന്ന് 14,899.68 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തു. ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയിൽ മുളക് തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷം 7,55,000 ടൺ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയാണ് സ്‌പൈസസ് ബോർഡ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പ്രതീക്ഷിച്ചിരുന്നതിലും ഒൻപതു ശതമാനം അധികം സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റുമതിചെയ്തു. 2013-14 ൽ 13,735.39 കോടി രൂപ വിലമതിക്കുന്ന 8,17,250 ടൺ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തപ്പോൾ 2014-15 ധനകാര്യവർഷം കയറ്റുമതി 8,93,920 ടണ്ണിലെത്തി.

ഉയർന്ന ഗുണമേന്മയും ദീർഘകാലം കേടുകൂടാതെയിരിക്കുന്നതുമാണ് വിദേശ വിപണിയിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യതയ്ക്കു പിന്നിലെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ എ ജയതിലക് പറഞ്ഞു. 3,47,000 ടൺ മുളകാണ് കഴിഞ്ഞ സാമ്പത്തികവർഷം കയറ്റുമതി ചെയ്തത്. മുൻവർഷങ്ങളെക്കാൾ 11.04 ശതമാനം അധികം മുളകാണ് 2014-15 ൽ കയറ്റുമതി ചെയ്തത്. 3,51,710 ലക്ഷം രൂപയുടെ കയറ്റുമതിയിലൂടെ 29.20 ശതമാനം അധിക മൂല്യവും ലഭിച്ചു.

മുളക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനം ജീരകമാണ്. 1,55,500 ടൺ കയറ്റുമതി ചെയ്യപ്പെട്ട ജീരകം 1,83,820 ലക്ഷം രൂപയുടെ വിദേശനാണ്യം നേടിത്തന്നു. 2013-14 ൽ 1,60,006.45 ലക്ഷം രൂപ വിലമതിക്കുന്ന 1,21,500 ടൺ ജീരകമാണ് കയറ്റുമതി ചെയ്തത്. 25750 ടൺ കയറ്റുമതി ചെയ്യപ്പെട്ട പുതിനയും അനുബന്ധ ഉത്പന്നങ്ങളും 2,68,925 ലക്ഷം രൂപയുടെ കയറ്റുമതിക്ക് വഴിയൊരുക്കി.

എണ്ണകളും ഓലിയോറെസിൻസും ഉൾപ്പെടുന്ന മൂല്യവർധിത സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരേറെയാണ്. 11,475 ടൺ കയറ്റുമതിയിലൂടെ 1,91,090 ലക്ഷം രൂപയുടെ വിദേശനാണ്യം ഇവ നേടിത്തന്നു. വിലയിൽ 10 ശതമാനവും അളവിൽ ഒരുശതമാനവുമാണ് കയറ്റുമതി വർദ്ധനവ്. 21,450 ടൺ കയറ്റുമതി ചെയ്യപ്പെട്ട കുരുമുളക് 1,20,842.16 ലക്ഷം രൂപയുടെ വിദേശനാണ്യം നേടി. കയറ്റുമതി അളവിൽ ഒരു ശതമാനം മാത്രമാണ് വർദ്ധനവെങ്കിലും കുരുമുളകിന്റെ കയറ്റുമതി മൂല്യത്തിലെ വർധനവ് 29 ശതമാനമാണ്. കയറ്റുമതി വർധനവിന്റെ കാര്യത്തിൽ മഞ്ഞൾ മുന്നിൽ തന്നെയാണ്. 2013-14 ൽ 66,675.85 ലക്ഷം രൂപയ്ക്ക് 77,500 ടൺ മഞ്ഞളാണ് കയറ്റുമതി ചെയ്തതെങ്കിൽ പോയവർഷം 74,435 ലക്ഷം രൂപയ്ക്ക് 86,000 ടൺ മഞ്ഞൾ ഇന്ത്യയിൽ നിന്ന് വിദേശ വിപണിയിലെത്തി.

വിദേശവിപണിയിൽ വലിയ ഡിമാൻഡുള്ള മറ്റൊരു സുഗന്ധവ്യഞ്ജനം മല്ലിയാണ്. 46,000 ടൺ കയറ്റുമതിയിലൂടെ 49,812.50 ലക്ഷം രൂപയുടെ വിദേശവരുമാനം മല്ലി നേടിത്തന്നു. ചെറിയ ഏലം 49,812 ലക്ഷം രൂപയ്ക്കും വലിയ ഏലം 8403.90 ലക്ഷം രൂപയ്ക്കും കയറ്റുമതി ചെയ്യപ്പെട്ടു. കയറ്റുമതിയുടെ 70 ശതമാനവും മുളക്, ജീരകം, മല്ലി, ഇഞ്ചി എന്നിവയാണ്. എന്നാൽ കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനവും നേടിത്തന്നത്, പുതിന, മുളക്, സുഗന്ധവ്യഞ്ജന എണ്ണകൾ, ഏലം, കുരുമുളക് എന്നിവയാണ്.