ഇൻകെൽ ഗ്രീൻസ് പാർക്കിൽ 1000 കോടിയുടെ നിക്ഷേപമെത്തുന്നു

Posted on: June 4, 2015

INKEL-Greens-Park-Big

കൊച്ചി : ഇൻകെലിന്റെ മലപ്പുറത്തെ ഗ്രീൻസ് പാർക്കിൽ ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ഗ്രൂപ്പുകളും 1,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ഇൻകെലും സംസ്ഥാന വ്യവസായ വികസന കോർപറേഷനും ചേർന്ന് 168 ഏക്കറിൽ പാണക്കാട്ട് തയാറാക്കിയിട്ടുള്ള മെഗാ പാർക്കിൽ വ്യവസായങ്ങൾക്കായി എസ്എംഇ പാർക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി എഡ്യുസിറ്റി എന്ന പേരിൽ പ്രത്യേകമേഖലയും സജീകരിച്ചിട്ടുണ്ട്.

എസ്എംഇ പാർക്കിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും വ്യവസായങ്ങൾ ആരംഭിക്കുന്നത്. 2018 ആകുമ്പോഴേക്കും 1,000 കോടി രൂപയുടെ നിക്ഷേപം പാർക്കിലെത്തുമെന്ന് ഇൻകെൽ മാനേജിംഗ് ഡയറക്ടർ ടി. ബാലകൃഷ്ണൻ പറഞ്ഞു. ഇതിനോടകം 20 കോടി രൂപ മുടക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ബാക്കി സൗകര്യങ്ങൾ ഏർപ്പെടുത്താൻ 50 കോടി രൂപ കൂടി മുടക്കും. 2017 ആകുമ്പോഴേക്കും എസ്എംഇ പാർക്കിൽ 1,400 പേർക്കു തൊഴിൽ ലഭിക്കുമെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.

എസ്എംഇ പാർക്കിൽ 17 കമ്പനികൾ 80 കോടി രൂപ മുതൽമുടക്കിയിട്ടുണ്ട്. എഡ്യുസിറ്റിയിൽ ആറ് വിദ്യാഭ്യാസ ഗ്രൂപ്പുകൾ 50 കോടി രൂപ മുടക്കി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.