ഐസിഐസിഐ ബാങ്കിൽ ടാപ് ആൻഡ് പേ സംവിധാനം

Posted on: April 21, 2015

ICICI-Bank-Board-big

കൊച്ചി: വ്യാപാര സ്ഥാപനങ്ങൾക്കും ഉപയോക്താക്കൾക്കും ഏറെ സൗകര്യപ്രദമായി കൗണ്ടറുകളിലെ ബിൽ പേ്‌മെന്റ് സാധ്യമാക്കുന്ന ടാപ് ആൻഡ് പേ കോണ്ടാക്ട്‌ലെസ് സർവീസ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു.

നിയർ ഫീൽഡ് കമ്യൂണിക്കഷൻസ് സാങ്കേതിക വിദ്യ (എൻഎഫ്‌സി) അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം നടപ്പാക്കുന്നത് ടെക് മഹീന്ദ്രയുമായി സഹകരിച്ചാണ്. ഐസിഐസിഐ ബാങ്കിൽ അക്കൗണ്ടില്ലാതെയും ടാപ് ആൻഡ് പേ യിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി പ്രത്യേക രേഖകൾ നൽകേണ്ടതില്ല. ഏതു ബാങ്കിലെ അക്കൗണ്ടിൽ നിന്നും എസ്എംഎസ് വഴി ടാപ് ആൻഡ് പേ യിലേക്കു പണം ട്രാൻഫർ ചെയ്യാനുമാകും. എൻഎഫ്‌സി അധിഷ്ഠിത ടാഗ് അഥവാ മൊബൈൽ ഫോൺ ആണ് ഇതു സംബന്ധിച്ച ഇടപാടുകൾക്കുപയോഗിക്കുന്നത്.

ടാപ് ആൻഡ് പേ സംവിധാനമുള്ള കൗണ്ടറുകളിലെ ഉപകരണത്തിനു സമീപം എൻഎഫ്‌സി ടാഗ് അഥവാ മൊബൈൽ ഫോൺ വീശിയാൽ മാത്രം മതി. കാന്റീനുകളിലേതുപോലെ തിരക്കേറിയ കൗണ്ടറുകളിൽ പണം ഒഴിവാക്കിയുള്ള ഇത്തരം ബിൽ പേ്‌മെന്റ് ഏറ്റവും സൗകര്യപ്രദമാകുമെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചവിട്ടുപടികളിലൊന്നാകും ടാപ് ആൻഡ് പേ എന്ന് ടെക് മഹീന്ദ്ര എംഡിയും സിഇഒയുമായ സി. പി ഗുർനാനി പറഞ്ഞു.