മൂലധന വിപണി, കസ്റ്റഡി സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍സുമായി ഐസിഐസിഐ ബാങ്ക്

Posted on: March 3, 2023

കൊച്ചി : മൂലധന വിപണിയിലെയും കസ്റ്റഡി സേവനങ്ങളിലെയും ഇടപാടുകാര്‍ക്കായി ഐസിഐസിഐ ബാങ്ക് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ചു. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന (പിഎംഎസ്) ദാതാക്കള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍), നേരിട്ടുള്ള വിദേശ നിക്ഷേപകര്‍ (എഫ്ഡിഐകള്‍), ബദല്‍ നിക്ഷേപ ഫണ്ടുകള്‍ (എഐഎഫ്) തുടങ്ങിയ ഇടപാടുകാരുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായി നിരവധി ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

‘3-ഇന്‍-1’ അക്കൗണ്ട് വഴി സ്റ്റോക്ക് ബ്രോക്കര്‍മാരുടെ ഇടപാടുകാര്‍ക്ക് ഓണ്‍ലൈനായി ഡിജിറ്റല്‍ ട്രേഡിംഗ്, ഡിമാറ്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ രാജ്യത്തെവിടെ നിന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തുറക്കാം. ഇന്‍വസ്റ്റര്‍ ഫണ്ടുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പ്രയോജനപ്പെടുത്തി എപിഐ വഴി ബാങ്കുമായി ട്രേഡിങ്ങ്, ഡിപ്പോസിറ്ററി സംവിധാനങ്ങള്‍ സംയോജിപ്പിക്കാന്‍ സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് ഇതിലൂടെ സാധിക്കും. പിഎംഎസ് സേവന ദാതാക്കള്‍ക്കും ഒറ്റ ദിവസത്തിനുള്ളില്‍ ഡിജിറ്റലായി സേവിങ്‌സ്, ഡിമാറ്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിലൂടെ ഓണ്‍ബോര്‍ഡിംഗ്, ആക്റ്റിവേഷന്‍ സമയം ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 148 ട്രില്ല്യന്‍ ഇന്ത്യന്‍ രൂപയില്‍ നിന്നും അഞ്ചു വര്‍ഷം കൊണ്ട് 257 ട്രില്ല്യന്‍ രൂപയിലെത്തി. 2025ഓടെ ഇന്ത്യന്‍ എക്കോണമി 5 ട്രില്ല്യന്‍ യുഎസ് ഡോളറിലേക്ക് എത്തുന്നതിനുള്ള കുതിപ്പ് വിപണിയില്‍ തുടരുമെന്നും, ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഈ രംഗത്തുള്ളവരുടെ കാര്യക്ഷമതയും ബിസിനസ് വ്യാപ്തിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഐസിഐസിഐ ബാങ്ക് ലാര്‍ജ് ക്ലയന്റ്‌സ് ഗ്രൂപ്പ് മേധാവി സുമിത് ഷാംഘായ് പറഞ്ഞു.

സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കും ഇടപാടുകാര്‍ക്കും ‘3-ഇന്‍-1’ അക്കൗണ്ട് സൗകര്യം, പിഎംഎസ് ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ അക്കൗണ്ട്, എഫ്പിഐ/എഫ്ഡിഐ ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ ഓണ്‍-ബോര്‍ഡിംഗ്, പ്രീ-വേരിഫിക്കേഷന്‍ സൗകര്യം, 24 മണിക്കൂറും ലഭ്യമാകുന്ന സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍, എഐഎഫുകള്‍ക്ക് മൂല്യ വര്‍ധിത സേവനങ്ങള്‍, ഡിജിറ്റല്‍ കളക്ഷന്‍ സൊല്യൂഷന്‍സ്, ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യങ്ങള്‍ തുടങ്ങിയവയാണ് മൂലധന വിപണിയിലും കസ്റ്റഡി സേവനങ്ങളിലുമുള്ളവര്‍ക്കായി അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സൗകര്യങ്ങളിലെ പ്രധാന സവിശേഷതകള്‍.

 

TAGS: ICICI BANK |