ഐ സി ഐ സി ഐ ബാങ്കിൽ പോക്കറ്റ്‌സ് ഡിജിറ്റൽ ബാങ്കിംഗ്

Posted on: February 12, 2015

ICICI-Bank-Board-big

കൊച്ചി : ഐ സി ഐ സി ഐ ബാങ്ക് സമഗ്രമായ മൊബൈൽ ബാങ്കിംഗ് സാധ്യമാക്കുന്ന പോക്കറ്റസ് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചു. ഐ സി ഐ സി ഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും പോക്കറ്റ്‌സ് ഉപയോഗിക്കാനാവും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഇ-വാലറ്റിനെ പോക്കറ്റ്‌സിലൂടെ ഏതു ബാങ്കിലെയും അക്കൗണ്ട് വഴി സജീവമാക്കാൻ ഇടപാടുകാർക്ക് അനായാസം കഴിയുമെന്ന് ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ചന്ദാ കൊച്ചാർ പറഞ്ഞു. ഡെബിറ്റ് കാർഡോ നെറ്റ് ബാങ്കിംഗ് അക്കൗണ്ടോ ഇതിനായി ഉപയോഗിക്കാം. തുടർന്ന് പോക്കറ്റ്‌സിന്റെ സഹായത്തോടെ മൊബൈൽ ഫോണിലൂടെ യഥേഷ്ടം ഇടപാടുകൾ നടത്താനാകും. യാതൊരു വിധ രേഖകളും ഇതിനായി സമർപ്പിക്കേണ്ടതില്ല. സമഗ്ര സംവിധാനങ്ങളോടെ രാജ്യത്ത് ആരംഭിച്ചിട്ടുള്ള പ്രഥമ ഡിജിറ്റൽ ബാങ്ക് ആയ പോക്കറ്റ്‌സ് യുവജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായി മാറുമെന്ന് ചന്ദാ കൊച്ചാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവയിലേക്കും ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും പണം കൈമാറ്റം ചെയ്യുന്നതിനുപുറമേ ബിൽ പേമെന്റ്, മൊബൈൽ റീചാർജ്, ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റൽ ബാങ്ക് പ്രയോജനപ്പെടുത്താം. രാജ്യത്തെ മിക്ക വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഉപയോഗിക്കാനാകും ഇത്. പലിശ ഉറപ്പാക്കുന്ന സീറോ ബാലൻസ് സേവിംഗ്‌സ് അക്കൗണ്ടും ഇ-വാലറ്റിൽ തുറക്കാൻ കഴിയും. സുരക്ഷാ കാരണങ്ങളാൽ ഒരു മൊബൈൽ നമ്പറിൽ നിന്ന് ഒരു ഇ-വാലറ്റ് മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ.ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും യൂസർ ഐഡി, പാസ്‌വേർഡ് എന്നിവ നിർബന്ധവുമാണ്.