കാമ്പസ് പവര്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Posted on: June 24, 2022

കൊച്ചി : ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് ‘കാമ്പസ് പവര്‍’ എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടങ്ങുന്ന മുഴുവന്‍ വിദ്യാര്‍ത്ഥിസമൂഹത്തിനും ബാങ്കിംഗ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ഒറ്റസ്ഥലത്ത് ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണിത്. മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

വിദേശ അക്കൗണ്ടുകള്‍, വിദ്യാഭ്യാസ വായ്പയും അതിന്റെ നികുതി ആനുകൂല്യങ്ങളും, വിദേശനാണ്യ സൊല്യൂഷനുകള്‍, പേയ്‌മെന്റ് സൊല്യൂഷനുകള്‍, കാര്‍ഡുകള്‍, മറ്റ് വായ്പകള്‍, നിക്ഷേപങ്ങള്‍, സേവിംഗ്‌സ് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍, തുടങ്ങിയവയുള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ധനകാര്യാവശ്യങ്ങള്‍ നിറവേറ്റുവാന്‍ ‘കാമ്പസ് പവര്‍’ സഹായിക്കുന്നു. മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസ വായ്പകളും പണമടയ്ക്കല്‍ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്കു പുറമേ കാനഡ, യുകെ, ജര്‍മ്മനി, യുഎസ്എ, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഉന്നത പഠനവുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്ലാറ്റ് ഫോം നല്‍കുന്നു. വിവിധ കോഴ്‌സുകള്‍, സര്‍വകലാശാലകള്‍, ലക്ഷ്യസ്ഥാനങ്ങള്‍, പ്രവേശന കൗണ്‍സിലിംഗ്, പരീക്ഷ പരിശീലനം, വിദേശത്തെ താമസസൗകര്യം, മറ്റ് യാത്രാ സഹായങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ എംപാനല്‍ ചെയ്ത പങ്കാളികള്‍ വഴി ലഭ്യമാക്കുന്നു.

ഇന്ത്യയിലും വിദേശത്തും ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കാമ്പസ് പവര്‍ എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം പുറത്തിറക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂര്‍ഡ് അസറ്റ് ഹെഡ് സുദീപ്ത റോയ് പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും തങ്ങളുടെ സേവനത്തിന്റേയും ഉത്പന്നത്തിന്റേയും പ്രയോജനം ലഭിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. തങ്ങളുടെ ബാങ്ക് മാത്രമല്ല മറ്റേതൊരു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: ICICI BANK |